നാടിനെ നടുക്കിയ ദുരഭിമാന കൊല: തേങ്കുറിശ്ശി അനീഷ് വധത്തിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്
തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ക്രിസ്മസ് ദിനത്തിലാണ് 27കാരനായ അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത്
ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, ഹരിതയുടെ അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരാണ് പ്രതികൾ
ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെയും അനീഷിന്റെയും വിവാഹം. പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിന് ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. പോലീസ് സ്‌റ്റേഷനിൽ വെച്ച് അനീഷിനെ 90 ദിവത്തിനുള്ളിൽ കൊലപ്പെടുത്തുമെന്ന് പ്രഭുകുമാർ മകളുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 88ാം ദിവസമാണ് അനീഷ് കൊല്ലപ്പെടുന്നത്.