ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ വന്ന സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വെരിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.
മൊബൈൽ ഫോൺ നമ്പർ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ പേരിലായിരുന്നു ഫോൺ കോൾ എത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം.
രാത്രിയിൽ വിളിച്ച വ്യക്തി ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തിയാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് വ്യാജ ഫോൺ കോൾ വഴി ഐഎൻഎസിന്റെ ലൊക്കേഷൻ വിവരങ്ങൾ തേടിയത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.