ഇന്ത്യന്‍ സ്‌കൂളുകളില്‍ അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി; കെജി സീറ്റിനായി രക്ഷിതാക്കളുടെ നെട്ടോട്ടം
അബുദാബി: 2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂളുകളില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ കെജി സീറ്റിനായി രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ അഡ്മിഷന്‍ കൊടുക്കാന്‍ സീറ്റില്ലാത്തതാണ് ഇതിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നതിനാലാണ് പ്രവേശനം ലഭിക്കാന്‍ രക്ഷിതാക്കളെല്ലാം ഇടികൂടാന്‍ ഇടയാക്കുന്നത്.
ലഭ്യമായ സീറ്റിന്റെ പത്തിരട്ടിയിലധികം അപേക്ഷകളാണ് കെജി ക്ലാസുകളിലേക്കായി ചില വിദ്യാലയങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. താരതമ്യേന ഫീസ് കുറവുള്ള സ്‌കൂളുകളിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. അപേക്ഷ നല്‍കിയതിലെ മുന്‍ഗണനാ ക്രമവും അഭിമുഖവും നടത്തി കുട്ടികളെ പ്രവേശനത്തിനായി തിരഞ്ഞെടുത്തപ്പോള്‍ മറ്റു ചില വിദ്യാലയങ്ങള്‍ നറുക്കെടുപ്പിലൂടെയാണ് ഈ പ്രക്രിയ പൂര്‍ത്തീകരിച്ചത്.
അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂളില്‍ ലഭിച്ച 5,975 അപേക്ഷകളില്‍ 2,500ഉം കെജി 1 ലേക്കാണ്. ആകെയുള്ള 250 സീറ്റുകളിലേക്കാണ് ഇത്രയും അധികം അപേക്ഷകള്‍ എത്തിയിരിക്കുന്നത്. ഇതില്‍തന്നെ 275ഉം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളുടേതാണ്. ഇത്തരം കുട്ടികള്‍ക്ക് അഡ്മിഷനില്‍ പ്രത്യേക പരിഗണനകള്‍ വിദ്യാലയങ്ങള്‍ നല്‍കാറുണ്ട്. ഇത്തവണ നറുക്കെടുപ്പിലൂടെയാവും കുട്ടികളെ പ്രവേശിപ്പിക്കുകയെന്നാണ് വിദ്യാലയം വ്യക്തമാക്കുന്നത്.
ബനിയാസിലുള്ള ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ കെജി 1 ലേക്കു ആകെയുള്ളത് 100 സീറ്റ് മാത്രമാണ്. ഇവിടെ ലഭിച്ചിരിക്കുന്നത് 3,500 അപേക്ഷകളാണ്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരങ്ങളുടെ അപേക്ഷകള്‍ മാത്രം മുന്നൂറില്‍ അധികം വരും. ഇവിടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതായി പ്രിന്‍സിപല്‍ ഡോ. ബിനോ കുര്യന്‍ വ്യക്തമാക്കി.