കുവൈറ്റ് രാജ്യാന്തര പുസ്തകമേള സമാപിച്ചു
കുവൈറ്റ് സിറ്റി: പത്ത് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന 47ാമത് കുവൈറ്റ് രാജ്യാന്തര പുസ്തകമേള സമാപിച്ചു. മിഷിരിഫ് ഇന്റെര്‍നാഷ്ണല്‍ ഫെയറില്‍ നടന്ന അക്ഷരമാമാങ്കത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. ഡോ. അബ്ദുല്ല അല്‍ ഗുനൈമിനെ ഈ വര്‍ഷത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. വിവിധ സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് ശില്പശാലകളും പ്രഭാഷണങ്ങളും ഉള്‍പ്പെടെ 90ഓളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതായി എക്സ്ബിഷന് ഡയരക്ടര്‍ ഖലീഫ അല്‍ റാബ വ്യക്തമാക്കി.
400 പ്രസിദ്ധീകരണ ശാലകളും പ്രസിദ്ധീകരണ രംഗത്തെ 187 ഏജന്റുമാരും പങ്കെടുത്ത പുസ്തകോത്സവത്തില്‍ 3.93 ലക്ഷം അക്ഷരപ്രേമികളാണ് സന്ദര്‍ശനം നടത്തിയത്. 685 വിദ്യാലയങ്ങളില്‍നിന്നായി 1.97 ലക്ഷം വിദ്യാര്‍ഥികളും മേളക്കെത്തി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബായുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.