Gulf

കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍

കുവൈറ്റ് സിറ്റി: 70 ദിവസം നീണ്ടുനില്‍ക്കുന്ന കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 31വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂറിസവും വ്യാപാരവും പ്രത്സാഹിപ്പിക്കുന്നതിലൂടെ കുവൈറ്റ് സമ്പദ്‌വ്യവസ്ഥക്ക് വൈവിധ്യവത്കരണത്തിലൂടെ ഊര്‍ജംപകരാന്‍ ലക്ഷ്യമിട്ടാണ് പ്രശസ്തമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

രാജ്യാന്തര നിലവാലത്തിലുള്ള കലാ-സാംസ്‌കാരിക-വിനോദ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. രാജ്യാന്തര പ്രശസ്തരായ നിരവധി കലാകാരന്മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കുവൈറ്റിലേക്ക് എത്തുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവര്‍ വിളംബരം ചെയ്യുന്ന പരസ്യ ബോര്‍ഡുകള്‍ കുവൈറ്റ് സിറ്റിയുടെ തെരുവോരങ്ങളില്‍ സ്ഥാനംപിടിച്ച് തുടങ്ങിയിട്ടുണ്ട്.

ഷോപ്പിങ് മാളുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ മേളയില്‍ പങ്കാളികളാവും. മിക്ക ഉല്‍പന്നങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവിനൊപ്പം നിശ്ചിത തുകക്കുള്ള സാധനം വാങ്ങുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ഷോപ്പിങ് ഫെസ്റ്റിവല്‍ ഗുണകരമാവുമെന്നാണ് കുവൈറ്റ് അധികൃതരുടെ പ്രതീക്ഷ.

Related Articles

Back to top button