നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സ്വയമെടുത്ത തീരുമാനം: സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിർദേശവും നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ട് പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ പ്രയാസങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെക്കുന്നു എന്ന് മാധ്യമങ്ങളുടെ മുന്നിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
രാജി രാഹുൽ സ്വയം എടുത്ത തീരുമാനമാണെന്നും പരാതി ഉണ്ടായാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തിൽ പരാതി വന്നാൽ നീതിന്യായ സംവിധാനത്തിൽ നിരപരാധിത്വം തെളിയിക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ സമയത്തെ മാനിച്ച് 1.30ന് രാജിവെക്കുന്നു. സർക്കാരിനെതിരായ സമരം തുടരും. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു