മാസപ്പടി കേസ്: നിയമയുദ്ധം തുടരുമെന്ന് മാത്യു കുഴൽനാടൻ, യുഡിഎഫിന് തിരിച്ചടിയല്ലെന്ന് സതീശൻ

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും നിയമയുദ്ധം തുടരുമെന്ന് ഹർജിക്കാരിലൊരാളായ മാത്യു കുഴൽനാടൻ. കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമ പോരാട്ടത്തിൽ നിരാശനല്ല. നിയമയുദ്ധം തുടരുമെന്നത് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു പറഞ്ഞു.
ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാർഥ്യമാണ്. സേവനം നൽകിയിട്ടില്ല എന്ന് മൊഴിയുണ്ട്. അങ്ങനെയെങ്കിൽ പണം വന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു
അതേസമയം സി പി എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഒമ്പത് വർഷമായിട്ടും ഒരാരോപണവും തെളിയിക്കാൻ സാധിച്ചിട്ടില്ല. എത്ര ഇരുമ്പാണി അടിച്ചു കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ലെന്നും മന്ത്രി പറഞ്ഞു