മെസിയും അർജന്റീനയും ഉടൻ കേരളത്തിലേക്കില്ല; ഈ വർഷം കളിക്കുക ചൈനയിലും ആഫ്രിക്കയിലും

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ടീമും ഉടൻ കേരളത്തിലെത്തില്ല. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളിൽ തീരുമാനമായി. ഒക്ടോബറിൽ ചൈനയിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിൽ അംഗോളയുമായാണ് മത്സരം. ഖത്തറിൽ അമേരിക്കയുമായും
ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് അർജന്റീന ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. മെസിയും സംഘവും ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്നായിരുന്നു കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നത്.
2011ലാണ് അർജന്റീന ഒടുവിൽ ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെയാണ് നേരിട്ടത്. കേരള സർക്കാർ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. എച്ച് എസ് ബി സി പ്രധാന സ്പോൺസർമാരായി എത്തുകയും ചെയ്തിരുന്നു.