മോഹൻലാലിൻ്റെ ‘രാവണപ്രഭു’ 4K ഡോൾബി അറ്റ്മോസ് മികവിൽ റീ-റിലീസിനൊരുങ്ങുന്നു

മലയാള സിനിമ പ്രേക്ഷകർക്ക് ആവേശമായി, മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ 4K ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. 2001-ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രം റീ-മാസ്റ്റർ ചെയ്താണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത ‘രാവണപ്രഭു’, 1993-ൽ പുറത്തിറങ്ങിയ ‘ദേവാസുരം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മംഗലശ്ശേരി നീലകണ്ഠനായും അദ്ദേഹത്തിൻ്റെ മകൻ കാർത്തികേയനായും മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. വസുന്ധര ദാസ്, നെപ്പോളിയൻ, രേവതി, ഇന്നസെൻ്റ്, വിജയരാഘവൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
‘സ്ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’, ‘ചോട്ടാ മുംബൈ’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ വിജയകരമായ റീ-റിലീസുകൾക്ക് ശേഷമാണ് ‘രാവണപ്രഭു’വിൻ്റെ വരവ്. മാറ്റിനി നൗ (Matinee Now) എന്ന കമ്പനിയാണ് ചിത്രത്തിൻ്റെ റീ-മാസ്റ്ററിംഗ് ജോലികൾ നിർവഹിക്കുന്നത്.
അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ചിത്രം റീ-റിലീസ് ചെയ്യാനാണ് സാധ്യത. റിലീസ് തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘രാവണപ്രഭു’വിൻ്റെ ഗംഭീര തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്