ട്രോളി ബാഗ് വിവാദം: ഒരു ബാഗിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്; ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്: എം വി ഗോവിന്ദന്
ബാഗ് വിവാദം എൽ ഡി എഫിന് ഗുണമാകും
പാലക്കാട് : ട്രോളി ബാഗ് വിവാദത്തില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായിട്ടുണ്ടെന്ന മാധ്യമ വിലയിരുത്തലിന് പിന്നാലെ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഈ വിഷയത്തില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഒരു ബാഗിന് പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. ട്രോളിയില്‍ പണം കടത്തിയ സംഭവത്തില്‍ കഴമ്പുണ്ട്. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വോട്ട് ചെയ്യും. അത് എല്‍ ഡി എഫിനുള്ള വോട്ടായി മാറുകയും ചെയ്യും.
ബാഗ് വിവാദം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ പാലക്കാട് ചര്‍ച്ചയാകും. അതിശക്തമായ തിരിച്ചടി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ തവണ ഇ ശ്രീധരന് കിട്ടിയ വോട്ടുകള്‍ ഇത്തവണ ബി ജെ പിക്ക് ലഭിക്കില്ല. ബി ജെ പി കേരളത്തില്‍ ജയിച്ചുപോകുമോയെന്ന ആശങ്ക മതന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ അവരുടെ വോട്ടുകള്‍ ഷാഫിക്ക് പോയി. എന്നാല്‍ ആ വോട്ടുകള്‍ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടാന്‍ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് നല്ല രീതിയില്‍ മുന്നേറുകയാണ്. രാഹുലിനെ ഞാന്‍ വിലയിരുത്തേണ്ടതില്ല. ഐഡി കാര്‍ഡ് വിഷയം മുതല്‍ ട്രോളി ബാഗ് വിഷയം വരെ വളരെ ശക്തമായൊരു അവമതിപ്പ് രാഹുലിനോട് ഉണ്ട്. ഇതെല്ലാം എല്‍ ഡി എഫിന് വോട്ടാകും. അദ്ദേഹം പറഞ്ഞു.