പുതുവര്‍ഷം: ഡിസംബര്‍ 31ന് പതിനായിരത്തില്‍ അധികം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ദുബൈ പൊലിസ്
ദുബൈ: പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസുകാര്‍ ഉള്‍പ്പെടെയുള്ള പതിനായിരത്തില്‍ അധികം എമര്‍ജന്‍സി സര്‍വിസ് ജീവനക്കാരെ വിന്യസിക്കുമെന്ന് ദുബൈ പൊലിസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 8,000 പൊലിസുകാരെയും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളെയുമാണ് വിന്യസിക്കുന്നത്. സുരക്ഷ ഉറപ്പാക്കാനും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസ്വദിക്കാനുമായി പല റോഡുകളിലും ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബുര്‍ജ് ഖലീഫയുടെ പരിസരങ്ങളിലാവും റോഡുകള്‍ കൂടുതലായും അടച്ചിടുക.
200ല്‍ അധികം ആംബുലന്‍സുകളും അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി സജ്ജമാക്കും. 10 ആശുപത്രികള്‍ക്ക് കീഴിലായി 1,800 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാക്കി നിര്‍ത്തും. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വിപുലമായ സന്നാഹങ്ങള്‍ ഒരുക്കുന്നതെന്ന് ദുബൈ പൊലിസ് കുറ്റാന്വേഷണ വിഭാഗം അസി. ഡയരക്ടര്‍ മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സൂരി വ്യക്തമാക്കി.
ആഘോഷങ്ങള്‍ നടക്കുന്ന എല്ലായിടത്തും പൊലിസിന്റെ സാന്നിധ്യം ഉറപ്പാക്കും. ഒപ്പം മറ്റിടങ്ങളിലും പൊലിസിന്റെ നിരീക്ഷണം ഉണ്ടാവും. ആളുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായവും ചെയ്യുകയാണ് പൊലിസിന്റെ മുഖ്യ ധര്‍മം. കരിമരുന്ന് പ്രയോഗം നടക്കുന്ന ഇടങ്ങളില്‍ സുരക്ഷയുടെ ഭാഗമായി 33 തമ്പുകള്‍ ഒരുക്കും. ഇതില്‍ 19 എണ്ണം ഡൗണ്‍ടൗണ്‍ ദുബൈയിലും 14 എണ്ണം കരിമരുന്ന് പ്രയോഗം നടക്കുന്ന മറ്റിടങ്ങളിലുമായിരിക്കും. ഇവിടങ്ങളില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് സേവനം ഉറപ്പാക്കും.
സന്ദര്‍ശകരായി എത്തുന്നവരുടെ വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വന്നാല്‍ ആളുകള്‍ക്ക് അവ എത്തിക്കാനും യഥാര്‍ഥ ഉടമകള്‍ക്ക് കൈമാറാനുമാണ് സംവിധാനം. തിരക്കില്‍ ഒറ്റപ്പെട്ടുപോവുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ രക്ഷിതാക്കള്‍ക്ക് കൈമാറാനും സന്ദര്‍ശകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമെല്ലാം ഇത് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.