ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല; ആവശ്യമെങ്കില്‍ താമസസ്ഥലത്ത് എത്തിക്കാനും പദ്ധതി
ദുബൈ: 35 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ദുബൈ വേള്‍ഡ് സെന്‍ട്രലിലെ പുതിയ ടെര്‍മിനലില്‍ വരുന്ന യാത്രക്കാര്‍ക്ക് ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം 14 വര്‍ഷം മുന്‍പ് തുറന്നതു മുതല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇതിനെ മാറ്റുന്നതിനുള്ള പദ്ധതികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡെനാട്ട സിഇഒ സ്റ്റീവ് അലന്‍ വ്യക്തമാക്കി. സാധ്യമായ ഏറ്റവും മികച്ച യാത്രാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ഡെനാട്ട, ദുബൈ എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളുടെ ഏക എയര്‍ സര്‍വീസ് ദാതാവാണ്.
മെഗാ – ഹബിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.് വിമാനത്താവളത്തിന്റെ മുന്‍കാല പ്രവചനങ്ങളേക്കാള്‍ 10 കോടി കൂടുതലാണിത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നതെന്നും റോബോട്ടിക്സ് സാങ്കേതികവിദ്യയെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതോടെ മനുഷ്യ സേവനം പരമാവധി കുറയ്ക്കാനാവുമെന്നാണ് കണക്കുകൂട്ടലെന്നും അലന്‍ പറഞ്ഞു.
വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് ഇറങ്ങിയ ഉടന്‍ ബാഗേജ് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഏതെങ്കിലും കേസില്‍ ബാഗേജ് താമസിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് താമസ സ്ഥലത്തേക്കു എത്തിക്കാനും സംവിധാനം ഒരുക്കുയിരിക്കുകയാണ് വിമാനത്താവളം. വീട്ടിലോ, ഹോട്ടലിലോ എവിടെയാണെങ്കിലും എത്തിച്ചുനല്‍കുമന്നാണ് വാഗ്ദാനം. നിലവില്‍ ഒരു റണ്‍വേയും ഒരു പാസഞ്ചര്‍ ടെര്‍മിനലുമാണ് വിമാനത്താവളത്തിലുള്ളത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ ഇവിടെ ധാരാളം സൗകര്യങ്ങളുണ്ട്. മറ്റ് വിമാനത്താവളങ്ങളില്‍ ഉപയോഗിക്കാന്‍ പോകുന്ന എല്ലാ സാങ്കേതികവിദ്യകളും പരീക്ഷണാര്‍ഥത്തില്‍ ഇവിടെ നടപ്പാക്കി വിജയിപ്പിക്കാനുവുമെന്നും അലന്‍ വിശദീകരിച്ചു.