പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 18

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

വാതിൽ തള്ളി തുറക്കാൻ നോക്കിയിട്ടും പറ്റാതെ വന്നപ്പോൾ പവിത്ര വീടിന് പുറകിലെ വാതിലിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.
അകത്തെ സംസാരം കുറച്ച് കൂടെ ഉറക്കെ ആയപ്പോൾ അച്ഛൻ ആണെന്ന് അവൾക്ക് മനസ്സിലായി.
അമ്മയും അച്ഛനും തമ്മിൽ എന്തോ പറഞ്ഞു ഉടക്കായെന്ന് സംസാരത്തിൽ നിന്നും അവൾക്ക് തോന്നി. അവൾ ജനലിനരികിലേക്ക് കാതോർത്തു.

” ഈ പേപ്പറിൽ ഒപ്പിട്ട് തരാനാ പത്മം നിന്നോട് ഞാൻ പറഞ്ഞത് ”

” ഇല്ല ഒപ്പിട്ട് തരില്ല…കണ്ട പെണ്ണുങ്ങൾക്ക് ചിലവിന് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല ”

” എനിക്ക് ഇഷ്ടമുള്ളവർക്ക് ഞാൻ ചിലവിന് കൊടുക്കും…. അതിന് നിനക്ക് എന്താടി ”
കൃഷ്ണപിള്ള ഇടറുന്ന കാലുകളോടെ പത്മത്തിന് അടുക്കലേക്ക് ചെന്നു.

പുറത്ത് നിന്നും ജനാല വഴി അകത്തു നടക്കുന്ന ബഹളങ്ങൾ പവിത്ര കാണുന്നുണ്ടായിരുന്നു.
അച്ഛൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് കുഴഞ്ഞ നാവ് കൊണ്ടുള്ള സംസാരത്തിൽ നിന്നും കാലുകൾ ഉറച്ചു നിൽക്കാതെ വേച്ചു പോകുന്നതിൽ നിന്നും മനസ്സിലാക്കാമായിരുന്നു.

” ഇത്രയും നാൾ സ്ത്രീകളോടുള്ള നിങ്ങളുടെ പെരുമാറ്റത്തിൽ സംശയം മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളു…. ഇപ്പോൾ ഞാൻ സത്യമെല്ലാം അറിഞ്ഞേടോ… അന്ന് പവിത്ര മോള് കണ്ടത് നിങ്ങളുടെ രഹസ്യ ബന്ധത്തിൽ ഉള്ള ഭാര്യയും മോനും ആയിരുന്നില്ലേ… ഇങ്ങനെ എവിടൊക്കെ ഉണ്ടെടോ തനിക്ക് മക്കൾ…. അവർക്കൊക്കെ ചിലവിന് കൊടുക്കണമെങ്കിൽ സ്വയം ഉണ്ടാക്കി കൊടുത്തോ… ഇവിടുത്തെ മുതൽ കണ്ട് ഇയാൾ സ്വപ്നം ഒന്നും നെയ്തു കൂട്ടണ്ട ”

അമ്മയുടെ ദേഷ്യത്തോടെയുള്ള ആ വാക്കുകൾ കേട്ട് പവിത്ര ഞെട്ടി നിന്നു. അന്ന് താൻ കണ്ടത് അച്ഛന്റെ വേറൊരു ഭാര്യയും മകനും ആയിരുന്നെന്നൊ… !!
എന്തൊക്കെയാ ഈ കേൾക്കുന്നത്… ഒന്നും വിശ്വസിക്കാനാകാതെ പവിത്ര അവിടെ തറഞ്ഞു നിന്നു.

” പവിത്ര മോള്… ആ നാശം ജനിച്ചത് മുതൽ എനിക്ക് കഷ്ടകാലം ആണ് . എന്റെ ജോലി പോയി… എന്തിനും ഏതിനും പൈസക്ക് വേണ്ടി നിന്റെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ… വളർന്നു വരുന്നതിന് അനുസരിച്ചു ഞാൻ ചെയ്യുന്ന പ്രവർത്തികളെ ഒക്കെ അവൾ ചോദ്യം ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഈ സത്യങ്ങളും നിന്റെ മുന്നിൽ തെളിഞ്ഞതിനു കാരണം അവള് തന്നെ അല്ലെടി… ”
പിള്ളയുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ആയി.

” ഇനി നിങ്ങൾക്ക് ഈ വീടും കൂടെ ഞാൻ എഴുതി തരണമല്ലേ… ആ മോഹം മനസ്സിൽ വെച്ചാൽ മതി. ഇത് എന്റെ വീടാണ്…
ഞാൻ അത് നിങ്ങളുടെ പേരിൽ എഴുതി തരുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട. നാളെ നേരം ഒന്ന് വെളുത്തോട്ടെ ഏട്ടനെ വിളിച്ചു വരുത്തിയിട്ട് ഈ വീട്ടിലൊരു ശുദ്ധികലശം നടത്തുന്നുണ്ട്. തന്നെ പോലൊരു നെറികെട്ടവനെ ഈ വീട്ടിൽ നിന്നും ഇറക്കി വിടുന്ന കർമ്മം. എല്ലാ കാര്യങ്ങളും ഏട്ടനും അറിഞ്ഞിട്ടുണ്ട്…. താൻ വീട്ടിൽ എത്താൻ കാത്തിരിക്കുവായിരുന്നു ഞങ്ങൾ. ”

പത്മം വെറുപ്പോടെ അയാളെ നോക്കി. തന്റെ നിലനിൽപ്പിന്റെ കാര്യം പ്രശ്നത്തിലായെന്ന് പിള്ളയ്ക്ക് ഇതിനകം തന്നെ മനസ്സിലായിരുന്നു.

” ഒരു കുടുംബം ഉണ്ടായിട്ടും മറ്റുള്ള പെണ്ണുങ്ങളുടെ പുറകേ പോകാൻ നിങ്ങൾക്ക് എങ്ങനെ തോന്നി മനുഷ്യാ… നിങ്ങൾക്കും ഇല്ലേ രണ്ട് പെൺകുട്ടികൾ… അവർക്ക് ഈ ഗതി വന്നാലോ ”

” വന്നാൽ അങ്ങ് സഹിച്ചോണം… ആണുങ്ങളെ ചോദ്യം ചെയ്യാൻ ഒരുത്തിയും ആയിട്ടില്ല… എന്റെ ജീവിതം എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും…
ഇനിയും എനിക്ക് ഇഷ്ടം തോന്നുന്ന പെണ്ണുങ്ങളുടെ പുറകേ ഞാൻ പോകും…
ഒരൊറ്റ ജീവിതമേയുള്ളു അത് ആസ്വദിച്ചു ജീവിക്കും ഞാൻ… ”
മദ്യത്തിന്റെ ലഹരിയിൽ അയാൾ ഉള്ളിൽ ഒളിപ്പിച്ച വിചാരങ്ങളൊക്കെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

ഇതുവരെ കണ്ടിരുന്ന അച്ഛനിൽ നിന്നും ഇങ്ങനൊരു മാറ്റം പവിത്ര പ്രതീക്ഷിച്ചിരുന്നില്ല. കർക്കശക്കാരനായി പെരുമാറുമെങ്കിലും അച്ഛന്റെ ഉള്ളിൽ ഇതുപോലൊരു നികൃഷ്ട സ്വഭാവം ഉണ്ടെന്ന് അറിഞ്ഞത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു.
അന്ന് കണ്ട സ്ത്രീയെയും മകനെയും അവൾ ഓർത്തു. പ്രശാന്തിനേക്കാൾ പ്രായക്കുറവാണ് ആ കുട്ടിക്ക്. ഇത്രയും മക്കൾ ഉണ്ടായതിന് ശേഷവും ഇത്തരത്തിൽ ഒരു ബന്ധം…. !
ഓർക്കുംതോറും തല പെരുക്കുന്നു.

” മര്യാദക്ക് ഈ വീടും പറമ്പും എന്റെ പേരിൽ എഴുതി തരുന്നതാ നിനക്ക് നല്ലത്… ഒപ്പിടെടി ”
അയാളുടെ ആക്രോശത്തിൽ പത്മവും പവിത്രയും ഞെട്ടിപ്പോയി.

” എന്നെ കൊന്നാലും ഞാൻ ഒപ്പിട്ട് തരില്ല… എന്റെ വീട്ടിൽ നിന്നും ഇറങ്ങി പൊക്കോണം ”
പത്മവും പിന്മാറാൻ തയാറല്ലാതെ നിന്നു.

” അങ്ങനാണേൽ നി ഇനി ജീവിക്കണ്ടെടി… എന്നെ നാളെ ഇറക്കി വിട്ടിട്ട് നീയും മക്കളും സുഖിച്ചു ജീവിക്കണ്ട ”

പിള്ള പത്മത്തിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. കാര്യങ്ങൾ വിചാരിച്ചതിൽ കൂടുതൽ വഷളാകുന്നത് കണ്ട് പവിത്ര പുറകിലെ വാതിലിനടുത്തേക്ക് ഓടി. അത് ചാരിയിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. വാതിൽ തള്ളി തുറന്നു പവിത്ര അമ്മയുടെ അടുത്തേക്ക് ഓടി.

മദ്യം ചെന്നപ്പോൾ പിശാച് ആയതാണോ അതോ അയാളുടെ ഉള്ളിലെ പിശാച് ആണോ എന്ത് തന്നെയാണെങ്കിലും അയാൾ വളരെ അധികം ക്രൂരൻ ആയി കഴിഞ്ഞിരുന്നു. പത്മത്തിന്റെ മുടിയിൽ കുത്തിപ്പിടിച്ചു അയാൾ ചുവരിലേക്ക് അവരുടെ നെറ്റി ആഞ്ഞു ഇടിപ്പിച്ചു.
പത്മം ബലം പ്രയോഗിച്ചു അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു. വീണ്ടും അയാളുടെ കൈകൾ അവരുടെ കഴുത്തിൽ മുറുകി.

കഴുത്തിൽ ഇറുകുന്ന കൈ പിടിച്ചു മാറ്റാൻ പത്മം ശ്രമിക്കുന്നുണ്ടായിരുന്നു. വർധിച്ച ദേഷ്യത്തോടെ അയാൾ അവരുടെ കവിളിൽ ആഞ്ഞു തല്ലുന്നുമുണ്ടായിരുന്നു. പവിത്ര വെപ്രാളത്തോടെ ചെന്നു അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
ഒരു കൈ കൊണ്ട് അയാൾ പവിത്രയെ പിടിച്ചു തള്ളി. തള്ളലിന്റെ ആഘാതത്തിൽ അവളുടെ നെറ്റി ഭിത്തിയിൽ ചെന്നിടിച്ചു പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. എന്നാൽ ആ സമയത്ത് അവൾ ആ വേദന ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
അമ്മ അച്ഛന്റെ കയ്യിൽ കിടന്നു ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട് പവിത്ര പേടിയും ഭയവും എല്ലാം കൂടി കലർന്ന് ഒരു അബ്നോർമൽ മൈൻഡിൽ എത്തി.

എങ്ങനെയും അമ്മയെ രക്ഷിക്കണമെന്ന ചിന്തയിൽ അവൾ അടുക്കളയിലേക്ക് ഓടി. അവിടുന്ന് വാക്കത്തി എടുത്തുകൊണ്ട് അവൾ അച്ഛന് നേരെ ഓങ്ങി. എന്നാൽ അത് ചെറുതായി അയാളുടെ ദേഹത്ത് ഒന്ന് സ്പർശിച്ചതേയുള്ളു. പക്ഷേ ആ പ്രവർത്തിയിൽ അയാൾ ഭയന്നു പുറകോട്ട് മാറി. അലങ്കോലമായി കിടക്കുന്ന മുടികൾക്കിടയിലൂടെ അവളുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയും തീക്ഷ്ണമായ കണ്ണുകളും കണ്ടയാൾ ഒന്ന് പകച്ചു.

വാടി തളർന്നു പത്മം താഴേക്ക് വീഴാൻ പോയി. പവിത്ര ഒരു കൈ കൊണ്ട് അമ്മയെ തങ്ങി നിർത്തി.

” എടി ”
അയാൾ വീണ്ടും പവിത്രയെ തല്ലാൻ കൈ പൊക്കി കൊണ്ട് വന്നപ്പോൾ പവിത്ര വാക്കത്തി വീശി.

” ഇനി ഒരു തവണ കൂടി അമ്മയുടേയോ എന്റെയോ ദേഹത്ത് നിങ്ങൾ തൊട്ടാൽ വെട്ടും ഞാൻ… ”

വാക്കത്തി പിള്ളയുടെ നേരെ ചൂണ്ടി പിടിച്ചു കൊണ്ട് അവൾ അലറി. പവിത്രയുടെ രൂപവും ഭാവവും കണ്ട് പത്മത്തിന് പോലും പേടിയായി.

” അമ്മേ അമ്മ പറ… ഇങ്ങനൊരാളെ വേണോ അമ്മയ്ക്ക് ഭർത്താവായി ”

” വേ… വേണ്ടാ മോളേ.. വേണ്ടാ ”
പത്മം കരഞ്ഞു കൊണ്ട് അവളെ നോക്കി.

” കേട്ടല്ലോ…. ഇത് എന്റെ അമ്മയുടെ വീടാ ആ അമ്മ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു ഇവിടെ നിന്നും ഇറങ്ങി പോകാൻ… ഇനിയും ഇവിടെ നിന്ന് ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ നിങ്ങളെ ഞാൻ കൊല്ലും… അത് വേണ്ടെങ്കിൽ ഇറങ്ങിക്കോ ഇപ്പൊ ഈ നിമിഷം ”

അവൾ വാതിലിന് നേർക്ക്‌ ചൂണ്ടി കാണിച്ചു. പറഞ്ഞത് പോലെ തന്നെ അവൾ ചെയ്യുമെന്ന് അയാൾക്ക് ഉറപ്പായി. അയാൾ വേച്ചു പോകുന്ന കാലടികളോടെ വാതിൽ തുറന്നു.
മുറ്റത്ത് നിൽക്കുന്ന ആളുകളെ കണ്ട് അയാളുടെ മുഖത്തെ ഭയം ഇരട്ടിച്ചു.

പത്മത്തിന്റെ ആങ്ങള രാഘവനും ഭാര്യയും രമ്യയും പുണ്യയും പ്രശാന്തുമൊക്കെ മുറ്റത്ത് ആധിയോടെ നിൽക്കുന്നുണ്ടായിരുന്നു.
പവിത്ര ഒറ്റയ്ക്ക് അമ്പലത്തിൽ നിന്നും വീട്ടിലേക്ക് പോയെന്ന് രമ്യ പറഞ്ഞു അറിഞ്ഞതിന്റെ പുറകേ ഇറങ്ങിയതായിരുന്നു അവർ.
അവരെ കൂടാതെ കുറച്ചു അയൽക്കാരും കൂടിയിട്ടുണ്ടായിരുന്നു അവിടെ.

അകത്ത് നടന്ന സംഭാഷണങ്ങളിൽ പകുതിയും അവർ കേട്ടിരുന്നു. പത്മത്തിന്റെയും പവിത്രയുടെയും കോലം കണ്ടപ്പോൾ കാര്യങ്ങളെ കുറിച്ച് അവർക്ക് കൂടുതൽ ബോധ്യമായി.
രാഘവൻ പിള്ളയെ കൊല്ലാനുള്ള കലിയോടെ അടിച്ചു. നിലത്തിട്ട് ചവിട്ടി. എല്ലാം കണ്ട് നിന്നതല്ലാതെ പവിത്രയും പത്മവും അനങ്ങിയില്ല.

” ഇനി തല്ലണ്ട അയാൾ ചാകും… ഇങ്ങോട്ട് വാ ”

രാഘവനെ ഭാര്യ പിടിച്ചു മാറ്റി.

” ഇവനെ പിടിച്ചു പോലീസിനു കൈമാറണം ”

” വേണ്ടാ അമ്മാവാ ”
പവിത്രയുടെ സ്വരം കേട്ട് രാഘവൻ അമ്പരപ്പോടെ നോക്കി.

” ഒന്നും വേണ്ടാ… ഇയാളോട് ഇവിടെ നിന്നും ഇറങ്ങി പോകാൻ പറ… ഞങ്ങളുടെ അമ്മയ്ക്ക് ഇങ്ങനൊരു ഭർത്താവും വേണ്ടാ…. ഞങ്ങൾക്ക് ഇങ്ങനൊരു അച്ഛനും വേണ്ടാ ”
ഇതൊക്കെ കണ്ട് പേടിച്ചു കരഞ്ഞു കൊണ്ട് നിന്ന പുണ്യയെയും പ്രശാന്തിനെയും അമ്മയെയും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പവിത്ര അകത്തേക്ക് പോയി.

” കേട്ടില്ലെടാ നാറി ഇറങ്ങി പൊക്കോണം… എന്റെ പെങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ പരിസരത്ത് നിന്റെ നിഴൽ പോലും ഇനി കണ്ടേക്കരുത് ”

കൃഷ്ണപിള്ളയ്ക്ക് മുന്നിൽ ശ്രീശൈലത്തിന്റെ വാതിൽ അടഞ്ഞു. കൂടി നിൽക്കുന്ന ആളുകളുടെ മുന്നിലൂടെ തല കുമ്പിട്ടു പോകുമ്പോൾ പിള്ളയുടെ മനസ്സിൽ ലവലേശം കുറ്റബോധം ഉണ്ടായിരുന്നില്ല…. മറിച്ചു എല്ലാരോടുമുള്ള ദേഷ്യം മാത്രം.

പിറ്റേന്ന് മുരളി വീട്ടിൽ എത്തി. ഇത്രയൊക്കെ നടന്നെന്ന് അറിഞ്ഞിട്ടും അവൻ അച്ഛനെ മാത്രം ന്യായീകരിച്ചു സംസാരിച്ചു കൊണ്ടിരുന്നു. അച്ഛനെ തിരിച്ചു വീട്ടിൽ വിളിക്കണമെന്ന് അവൻ നിർബന്ധം പിടിച്ചു. പവിത്ര അതിനെ ശക്തമായി എതിർത്തു. പത്മവും അവൾക്ക് ഒപ്പം നിന്നു.

” വീട്ടിലേ ആണുങ്ങൾക്ക് കുറച്ചെങ്കിലും വില തരണം….
ഈ വീട് നോക്കുന്നത് ഞാൻ ആണ് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം ”

” അമ്മയെയും എന്നെയും ഉപദ്രവിച്ചത് വിട്ടേക്ക്… മറ്റൊരു ബന്ധം അതിലൊരു മകൻ.. ഇതൊക്കെ എങ്ങനെ അംഗീകരിക്കും ”

” അതൊക്കെ ചില പുരുഷന്മാരുടെ സ്വഭാവമാണ് അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാലേ ജീവിക്കാൻ പറ്റൂ ”

” ഛെ… ഇത്ര തരം താണ് എങ്ങനെ സംസാരിക്കാൻ കഴിയുന്നു ഏട്ടന് ”
പവിത്ര വെറുപ്പോടെ തലവെട്ടിച്ചു.

” എനിക്ക് ഇത്രയും സംസ്കാരമേയുള്ളു… നീ വലിയ ആളാണെന്നുള്ള ഭാവം അങ്ങ് മാറ്റി വെച്ചേക്ക് പവിത്രേ… ഞാൻ തിരിഞ്ഞു നോക്കിയില്ലെങ്കിൽ നിങ്ങൾ ഒക്കെ എങ്ങനെ ജീവിക്കും… അതുകൊണ്ട് എന്നെ അളക്കാൻ നീ ആയിട്ടില്ല ”

” മുരളി മോനെ ആ മനുഷ്യൻ ഇന്നലെ ഞങ്ങളോട് ചെയ്ത ക്രൂരത നീ കണ്ടില്ലല്ലോ… കണ്ടെങ്കിൽ നീ ഇങ്ങനെ അച്ഛന് വേണ്ടി വാദിക്കില്ലായിരുന്നു ”
പത്മം തേങ്ങലോടെ പറഞ്ഞു.

” എന്റെ അമ്മേ അതൊക്കെ കള്ളുകുടിച്ചത് കൊണ്ടല്ലേ… ഇനി അങ്ങനൊന്നും ചെയ്യില്ല ”

” അടുത്ത തവണ ഞങ്ങളിൽ ആരെയെങ്കിലും കൊല്ലുവാണെങ്കിലും ഏട്ടൻ ഈ ന്യായം തന്നെ പറയുമോ ”

പവിത്രയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ മുരളി നിന്നു.

” ഈ വീട്ടിൽ അയാൾ വേണ്ടാ മുരളി… ഇത് എന്റെ തീരുമാനമാണ് ”
അമ്മയുടെ ഉറച്ച തീരുമാനം പവിത്രയുടെ മുഖം തെളിയിച്ചു.

” ആയിക്കോ അമ്മയും മോളും ഇഷ്ടം പോലെ ജീവിച്ചോ… എനിക്ക് എന്റെ അച്ഛനെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല. ഞാൻ നോക്കിക്കോളാം… പിന്നെ ഇനി മുതൽ ഒരു ആവശ്യങ്ങൾക്കും എന്നെ വിളിച്ചേക്കരുത് സമ്മതമാണോ ”

അതിന് എന്ത് മറുപടി പത്മം നൽകും… മുരളിയൊഴിച്ചു ബാക്കി എല്ലാരും പഠിക്കുകയാണ്.. പവിത്രയുടെ ഡിഗ്രി ഇപ്പോൾ കഴിയുമെങ്കിലും പിജി ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം…
മക്കളുടെ പഠന കാര്യത്തിനാണേലും തുടർന്നുള്ള ജീവിത മാർഗത്തിനു ആണേലും മുരളി കനിയണം.

അമ്മയുടെ നിശബ്ദത കണ്ടപ്പോൾ മുരളിയുടെ ചുണ്ടിന്റെ കോണിൽ പുച്ഛം വിരിഞ്ഞു.

” സമ്മതമാണ് ഏട്ടാ…
ഏട്ടനെ ഈ വീട്ടിലേ ആവശ്യങ്ങൾ പറഞ്ഞു ഞങ്ങൾ ആരും വിളിക്കില്ല ”
പവിത്ര പറഞ്ഞത് കേട്ട് വിസ്വാസമാകാത്ത പോലെ മുരളിയും പത്മവും അവളെ നോക്കി.

” നീ എങ്ങനെ ഈ വീട് പുലർത്തുമെന്നാ പറയുന്നത് ”
അതേ പുച്ഛം നിലനിർത്തികൊണ്ട് അവൻ ചോദിച്ചു.

” അത് ഏട്ടൻ അറിയേണ്ട കാര്യമില്ല… ഏട്ടനെ ബുദ്ധിമുട്ടിക്കില്ല ഒന്നിനും ”

” അവസാനം എനിക്ക് നാണക്കേട് ഉണ്ടാക്കി വെക്കരുത് എന്നൊരു താക്കീത് നൽകികൊണ്ട് അവൻ തിരികെ പോയി.

വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് പവിത്ര ഓർത്തു. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് അവൾക്ക് ഒരു ബോധ്യവും ഉണ്ടായിരുന്നില്ല. ഇത്രയും സംഭവങ്ങൾ അരങ്ങേറിയിട്ടും തന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും പൊടിഞ്ഞില്ലെന്നത് അവൾ അത്ഭുതത്തോടെ ഓർത്തു.
ഒരു തരം മരവിപ്പ് മാത്രമായിരുന്നു അനുഭവപ്പെട്ടത്.

കുറച്ചു ദിവസത്തേക്ക് വീട് വിട്ടാരും പുറത്തേക്ക് ഇറങ്ങിയില്ല. അവസാനം പവിത്ര തന്നെ പുണ്യയെയും പ്രശാന്തിനെയും വഴക്ക് പറഞ്ഞു സ്കൂളിൽ വിട്ടു. അവളും കോളേജിൽ പോയി തുടങ്ങി. എക്‌സാമുകൾ അവൾ നന്നായി തന്നെ അറ്റൻഡ് ചെയ്തു. തളർന്നു വീട്ടിൽ ഇരിക്കാൻ തയ്യാറാവാതെ അവൾ മുന്നോട്ട് ജീവിക്കാൻ തുടങ്ങി.
പക്ഷേ പഴയ പവിത്രയിൽ നിന്നും അവൾക്ക് നല്ല മാറ്റം സംഭവിച്ചു. കളിചിരികൾ കുറഞ്ഞു… എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ ലാഘവം ഇല്ലാതായി പകരം ഗൗരവത്തോടെ മാത്രമായ് അവളുടെ സംസാരം.
അമ്പലത്തിൽ പോക്ക് കുറഞ്ഞു.
ഈ സമയത്തൊക്കെ അവൾ ഏറെ മനസ്സിൽ ആഗ്രഹിച്ചത് മാധവിന്റെ സാമിപ്യം ആയിരുന്നു.

എന്നാൽ അവനെ കാണാനേ കിട്ടാറില്ലായിരുന്നു. ഇടയ്ക്ക് കാണുമെങ്കിലും സംസാരിക്കാൻ പറ്റാറുണ്ടായിരുന്നില്ല. ഏത് സമയവും രമ്യ ഒപ്പം ഉണ്ടായിരുന്നു.
എന്തോ ഒരു അകൽച്ച മാധവിന് തന്നോട് ഉണ്ടായിട്ടുണ്ടെന്ന് പവിത്രക്ക് തോന്നി തുടങ്ങി. അത് അവൾക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് തന്നെ അവനെ കണ്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ദുഃഖങ്ങൾ എല്ലാം അവന്റെ നെഞ്ചിൽ പെയ്തൊഴിയണമെന്ന് അവൾ ആഗ്രഹിച്ചു.

കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ അമ്പലത്തിലേക്ക് പോയി. മാധവിനെ കാണണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു ആ ക്ഷേത്രദർശനത്തിന്റെ ലക്ഷ്യം.
ദീപാരാധന ഒക്കെ കഴിഞ്ഞ സമയം എല്ലാവരുടെയും കണ്ണു വെട്ടിച്ചു അവൾ മാധവിന്റെ അടുക്കൽ എത്തി.

” എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… രാത്രി കുളക്കടവിൽ വരണം ”
അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വീട്ടിലേക്ക് പോയി.

അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ അവൾ കുളത്തിന്റെ അരികിലേക്ക് നടന്നു. തന്റെ പ്രിയൻ വരുന്നതും നോക്കി പവിത്ര കുളക്കടവിൽ കാത്തിരുന്നു.

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

Share this story