പവിത്ര: PART 17

പവിത്ര: PART 17

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

അങ്ങനെ ദിവസങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു..
അച്ഛനെ ഒരു സ്ത്രീയോടൊപ്പം കണ്ട കാര്യം പവിത്ര ചോദിച്ചെങ്കിലും കൃഷ്ണ പിള്ള അത് സമ്മതിച്ചു കൊടുത്തില്ല. അതിന്റെ പേരിൽ ആവശ്യമില്ലാതെ കുറേ ചീത്ത അവൾക്ക് അച്ഛന്റെ കയ്യിൽ നിന്നും കിട്ടി. എന്നാൽ പത്മത്തിന് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.
ഭർത്താവിനെ പേടിച്ചു അവർ നിശബ്ദ ആയിരുന്നു.

ഇതിനിടയിൽ ഡേവിച്ചൻ തിരികെ നാട്ടിലേക്ക് പോയിരുന്നു. രമ്യ ഡേവിഡിന്റെ ഗുണഗണങ്ങൾ എപ്പോഴും പവിത്രയോട് വർണ്ണിച്ചു കൊണ്ടേയിരുന്നു.

” നിനക്ക് വേറേ ഒരു പണിയുമില്ലേ രമ്യേ… ഒരാളെ കുറിച്ച് ഇതിനുമാത്രം വർണ്ണിക്കാൻ എന്താ ഇരിക്കുന്നത്…. അയാൾ ഒരു പാട്ട് പാടി എന്ന് വെച്ച് ഇങ്ങനങ്ങു തലയിൽ കേറ്റി വെക്കേണ്ട ആവശ്യം ഉണ്ടോ ”

” പാട്ട് പാടിയത് മാത്രമാണോടി.. എന്താ ഭംഗി കാണാൻ… നിനക്കും തോന്നിയില്ലേ ഒന്ന് ഡേവിച്ചനെ പ്രേമിച്ചാൽ കൊള്ളാമെന്ന് ”

രമ്യ ചോദിച്ചത് കേട്ട് പവിത്ര പുച്ഛത്തോടെ മുഖം കോട്ടി.

” ഒരിക്കലുമില്ല…. എനിക്ക് അങ്ങനെ ഒന്നും തന്നെ അയാളോട് തോന്നിയിട്ടില്ല ”

” ആഹ് അല്ലേലും നിനക്ക് ആരോടും അങ്ങനെ തോന്നില്ലല്ലോ… ആ വിഷ്ണുന് നിന്നേ ഇഷ്ടം ആണെന്ന് നിനക്ക് അറിയാം അവനാണെങ്കിൽ വന്നു പറയുകയുമില്ല… മനസ്സിലായ നിനക്ക് ആണെങ്കിൽ അനക്കവുമില്ല… പാവം ചെറുക്കൻ പുറകേ നടന്നു അവന്റെ ചെരുപ്പ് തേയുന്നതു മിച്ചം. ”

രമ്യ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു. തന്റെ മനസ്സ് സ്വന്തമാക്കിയ ഒരാൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയം ആയില്ല എന്നവൾ ഓർത്തു.

ചിറപ്പ് തീരുന്ന ദിവസം താലപ്പൊലി ഉണ്ടായിരുന്നു. താലം പ്രദിക്ഷണം പൂർത്തിയാക്കി താഴ്ത്തി വെച്ചു കഴിഞ്ഞു എല്ലാവരും കൂടി മാറിയിരുന്നപ്പോഴാണ് പവിത്രയുടെ കയ്യിൽ ഒരു പിടി വീണത്. ആരെങ്കിലും കാണുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി തന്റെ കൈ പിടിച്ച ആളോടൊപ്പം അവൾ നടന്നു. ആളൊഴിഞ്ഞ കോണിൽ എത്തിയതും അയാൾ നിന്നു.

” കുളക്കടവിൽ കാത്തിരിക്കും…. വരണം ”
അത്രയും പറഞ്ഞിട്ട് അവളുടെ കൈ സ്വതന്ത്രമാക്കി.

തിരികെ വീട്ടിൽ എത്തുമ്പോഴേക്കും എല്ലാരും ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു. പുണ്യ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ പവിത്ര കുളത്തിന്റെ അരികിലേക്ക് പോയി. അവിടെ അവളെ പ്രതീക്ഷിച്ചു അവളുടെ പ്രിയതമൻ ഉണ്ടായിരുന്നു.

പവിത്രയുടെ പദചലനം കേട്ടവൻ തിരിഞ്ഞു നോക്കി.

” മാധവേട്ടാ ”
നിറചിരിയോടെ അവൾ അവന്റെ അരികിലേക്ക് ചെന്നു. എപ്പോഴും ഉണ്ടാകാറുള്ള ചെറുപുഞ്ചിരി അവന്റെ ചുണ്ടിൽ അവളെ കണ്ടപ്പോൾ കൂടുതൽ മനോഹരമായി പ്രതിഫലിച്ചു. അവരുടെ പ്രണയത്തിന് സാക്ഷിയായി മാനത്തു താരകങ്ങൾ തെളിഞ്ഞു നിന്നു.

” വന്നിട്ട് ഇത്ര ദിവസമായി ഇപ്പോഴാണല്ലോ പവി നിന്നെയൊന്നു അടുത്ത് കിട്ടുന്നത്.. ”
മാധവ് പരിഭവത്തോടെ അവളെ നോക്കി.

” എന്ത് ചെയ്യാനാ സാഹചര്യം കിട്ടാറില്ലല്ലോ സംസാരിക്കാൻ…. എപ്പോഴും കൂടെ ആരെങ്കിലും കാണില്ലേ… ആരെയും അറിയിക്കാതെ നമ്മൾ കൊണ്ടു നടക്കുന്ന രഹസ്യം അല്ലേ ഇത്. അപ്പൊ കാണലും മിണ്ടലും
ഒക്കെ ഇങ്ങനെ സാധിക്കൂ ”

” നിനക്ക് അങ്ങനെ പറയാം നിന്നെ ഒന്ന് കാണാൻ കൂടെ ഇങ്ങനെ ഇരുന്ന് കഥ പറയാൻ… അതിനൊക്കെ വേണ്ടിയാ ലീവ് കിട്ടുമ്പോൾ ഓടി വരുന്നത്. അത് നടക്കാതെ വരുമ്പോൾ നല്ല സങ്കടം ഉണ്ട് കേട്ടോ ”
പവിത്രയുടെ കൈകളെ തന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് മാധവ് പറഞ്ഞു.

” ഞാൻ പറഞ്ഞതല്ലേ രമ്യയോട് എല്ലാം പറയാമെന്ന്…. അവൾ കാര്യമൊക്കെ അറിഞ്ഞു കഴിഞ്ഞാൽ നമ്മുക്ക് കാണാനും മിണ്ടാനുമൊക്കെ അവസരം ഉണ്ടാക്കി തരും. അപ്പോൾ മാധവേട്ടൻ തന്നെയല്ലേ പറഞ്ഞത് സമയമായില്ല സമയമാകുമ്പോൾ എല്ലാം പറയാമെന്ന്…
എനിക്ക് ആണെങ്കിൽ അവളോട് പറയാത്തത് കൊണ്ട് വല്ലാത്തൊരു വീർപ്പുമുട്ടൽ ആണ്. എല്ലാം അവളോട് പറയുന്നത് അല്ലേ ഇതു മാത്രം മറച്ചു വെച്ചതിനു അവൾ പിണങ്ങും ഉറപ്പാ ”

” ഓ പറയാം എന്റെ പവി… എല്ലാം പറയാൻ സമയം ആയി വരുന്നു.
ആ പിന്നെ രമ്യക്ക് എന്നെ കാണുമ്പോൾ ഇച്ചിരി ഇളക്കം കൂടുതൽ ആണല്ലോ…
ഇടയ്ക്കിടെ കൊഞ്ചി കൊണ്ടു വരുന്നുണ്ട് എന്റെ അടുത്ത്. അവളുടെ സ്വഭാവം അത്ര നല്ലതാണെന്നു എനിക്ക് തോന്നുന്നില്ല… നീ അവളോട് അധികം അടുക്കണ്ട ”

മാധവ് പറഞ്ഞത് കേൾക്കും തോറും പവിത്രയുടെ മുഖം ഇരുണ്ടു. അവൾ ദേഷ്യത്തോടെ തന്റെ കൈ വലിച്ചെടുത്തു.

” മാധവേട്ടൻ ഇപ്പോൾ പറഞ്ഞത് ഞാൻ ക്ഷമിച്ചു. ഇനി ഒരിക്കലും രമ്യയെ കുറിച്ച് ഇങ്ങനെ പറയരുത്… അവളെന്റെ സഹോദരിയാണ്. നാളെ നമ്മുടെ വിവാഹം കഴിയുമ്പോൾ മാധവേട്ടൻ അവൾക്ക് ഒരു ഏട്ടന്റെ സ്ഥാനത്ത് ആയിരിക്കും നിലകൊള്ളേണ്ടത്. അനിയത്തിയായി കാണേണ്ട അവളെ പറ്റി ഇങ്ങനൊന്നും പറയരുത്….കുറച്ചു കുറുമ്പത്തിയാണ് അവൾ അത്രേയുള്ളൂ ”

ഇതുവരെ തന്നോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ലാത്ത പവിത്ര പെട്ടെന്ന് ഇങ്ങനൊക്കെ പറഞ്ഞതിൽ അവന് അല്പം നീരസം തോന്നിയെങ്കിലും അത് പ്രകടമാക്കിയില്ല. മാത്രമല്ല പിണങ്ങി പോയാൽ പുറകേ കാല് പിടിച്ചു വരുന്ന പൈങ്കിളി കാമുകിയുമല്ല പവിത്ര അത് അവന് നന്നായി അറിയാം.

” സോറി പവി ഞാൻ അറിയാതെ പറഞ്ഞതാ… നീ അത് വിട്ടുകള. നമ്മുടെ കാര്യം പറ… അച്ഛന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ…..നിന്നോട് ഇപ്പൊ സ്നേഹത്തോടെ ആണോ ഇടപെടുന്നത് ”

മാധവ് വീണ്ടും സ്നേഹത്തോടെ അവൽക്കരികിലേക്ക് ചേർന്നിരുന്നു കൊണ്ട് കൈകളിൽ പിടിച്ചു.

” അച്ഛനെന്നോടുള്ള സമീപനത്തിൽ ഈ ജന്മത്ത് മാറ്റം വരാൻ പോകുന്നില്ല. അതിനുള്ള ഭാഗ്യം ഒന്നും എനിക്കില്ല ”

” നിനക്ക് ഞാൻ ഇല്ലേ മോളേ…
ഒരു രണ്ട് വർഷത്തെ സമയം കൂടി നീ എനിക്ക് തന്നാൽ മതി. നിന്റെ ഡിഗ്രിയും കഴിയുന്ന സമയം ആണല്ലോ അത്. അപ്പോഴേക്കും ഞാൻ വന്നു എന്റെ പെണ്ണിനെ കൊണ്ടുപൊക്കോളാം നമ്മുടെ മാത്രമായ സ്വർഗത്തിലേക്ക് ”
മാധവിന്റെ സ്വരത്തിലെ ആർദ്രത പവിത്ര അറിഞ്ഞു. അത്ര വ്യക്തമായി അല്ലെങ്കിലും അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം നിറയുന്നതും അവൾ കണ്ടു.

പവിത്രയുടെ നെറ്റിയിൽ അവൻ തന്റെ സ്നേഹ ചുംബനം ചാർത്തി. പതിയെ ആ സ്നേഹം ചുണ്ടുകളിലേക്ക് പകരാൻ തുടങ്ങുന്നതിനു മുൻപേ അവൾ അകന്നു മാറി.

” അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി കേട്ടോ… ഇപ്പൊ മോൻ സ്ഥലം വിടാൻ നോക്ക് ”
അവൾ ചിരിയോടെ പറഞ്ഞു. അവൻ നിരാശയോടെ തലവെട്ടിച്ചു.

” അല്ലേലും നിനക്ക് ഈ പറയുന്ന സ്നേഹം ഒന്നും എന്നോടില്ല… നാളെ ഞാൻ തിരിച്ചു പോകും പിന്നെ രണ്ട് വർഷം കഴിഞ്ഞേ കാണുള്ളൂ പവി ”
അതു പറയുമ്പോൾ അവന്റെ ശബ്ദം തെല്ലൊന്ന് ഇടറിയിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. കാറ്റുപോലെ പാഞ്ഞു വന്നവൾ അവന്റെ ഇരുകവിളുകളിലും അമർത്തി ചുംബിച്ചിട്ട് അകന്നു പിന്നെ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് പോയി.
അവൾ പോകുന്നത് നോക്കി കവിളിൽ തലോടി കൊണ്ട് അവൻ ചിരിയോടെ അവിടെ നിന്നു.

********************

പിന്നീടുള്ള രണ്ട് വർഷം നീണ്ട കാത്തിരിപ്പായിരുന്നു പവിത്രയ്ക്ക് തന്റെ മാധവിന് വേണ്ടി. വീട്ടിലെ പൊട്ടലുകൾക്കും ചീറ്റലുകൾക്കും ഇടയിൽ അവനോടൊപ്പം ചിലവഴിച്ച കുറച്ചു പ്രണയനിമിഷങ്ങൾ മാത്രമായിരുന്നു അവൾക്ക് ഒരാശ്വാസം.

കൃഷ്ണപ്പിള്ളയുടെ സ്വഭാവത്തെ കുറിച്ച് എന്തൊക്കെയോ ചില സംശയങ്ങൾ പത്മത്തിന് തോന്നി തുടങ്ങിയതിന്റെ ഫലമായി മിക്കവാറും ദിവസങ്ങളിൽ അമ്മയും അച്ഛനും തമ്മിൽ വഴക്കായിരുന്നു. അതിന്റെ കാരണം എന്തെന്നറിയാതെ പുണ്യയും പ്രശാന്തും പകച്ചു നിൽക്കുമ്പോൾ പവിത്ര അവരെയും കൂട്ടി മുറിയിൽ പോയി ഇരിക്കും.
ശെരിക്കും വീടൊരു നരകമായി മാറി തുടങ്ങിയെന്നു അവൾ മനസ്സിലാക്കി.

ഇരുപത്തിയഞ്ചു വയസ്സ് പോലും ആകുന്നതിനു മുൻപ് പിള്ള മുരളിയുടെ വിവാഹം നടത്തി. പത്മവും അളിയൻ രാഘവനുമൊക്കെ ശക്തമായി അതിനെ എതിർത്തെങ്കിലും അയാൾ ആരുടേയും വാക്ക് കേട്ടില്ല. മുരളിയും അച്ഛനോടൊപ്പം ആയിരുന്നു.

വിവാഹശേഷം പെണ്ണിന്റെ വീട്ടിൽ തന്നെ നിൽക്കാമെന്നുള്ള ഉറപ്പിൽ ആയിരുന്നു മുരളിയുടെ കല്യാണം നടത്തിയത്. വിവാഹം നടന്നതിന് ശേഷമാണ് മറ്റുള്ളവർ അതറിഞ്ഞത്. മുരളിയും അച്ഛനും എല്ലാം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു.
വെറും കാഴ്ചക്കാർ മാത്രമാകാനാണ് പത്മത്തിനും മറ്റുള്ളവർക്കും സാധിച്ചത്.

പതിവുപോലെ കോളേജിലേക്ക് പോകാനിറങ്ങിയതാണ് പവിത്ര. ഇപ്പോൾ മിക്ക ദിവസങ്ങളിലും അവൾ ഒറ്റയ്ക്കാണ് പോക്കും വരവും. കാരണം രമ്യ നേരത്തെ കോളേജിലേക്ക് പോകുകയും വരികയും ചെയ്യുന്നു പവിത്രയെ കൂട്ടാതെ. ചോദിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞവൾ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. അതിൽ സങ്കടം തോന്നിയെങ്കിലും കൂടുതലായി അവളോട് ചോദിച്ചു പുറകേ നടക്കാൻ പവിത്ര തയ്യാറല്ലായിരുന്നു.

പാലത്തിൽ നിൽക്കുന്ന രമ്യയെ ദൂരെ നിന്നേ പവിത്ര കണ്ടിരുന്നു. തന്നെ നോക്കി നിൽക്കുന്നതാണെന്ന വിശ്വാസത്തിൽ അവൾ സ്പീഡിൽ നടന്നു. നടക്കുന്നതിനിടയിൽ രമ്യയോട് സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടതും പവിത്രയുടെ കണ്ണുകൾ വിടർന്നു. മാധവേട്ടൻ….
അടുത്തെത്താൻ കാലുകളുടെ വേഗത കൂടുന്നത് അവൾ അറിഞ്ഞു.
പക്ഷേ അവൾ അടുത്ത് ചെല്ലുന്നതിന് മുൻപ് അവൻ പോയി കഴിഞ്ഞിരുന്നു. തന്നെ കണ്ടിട്ടും കാണാതെ മാധവ് പോയതിൽ അവൾക്ക് ചെറിയ ദുഃഖം തോന്നി.

” മാധവേട്ടൻ ആയിരുന്നില്ലേ അത്…. എന്ന് വന്നു അവർ ”

” വന്നിട്ട് ഒരു മാസമായെടി…
രാജേഷേട്ടൻ വന്നിട്ടില്ല. മാധവേട്ടനെന്തോ പനിയോ മറ്റോ ആയിരുന്നു അതുകൊണ്ട് നേരത്തെ വന്നതാ. ഡേവിച്ചായനും ഉണ്ടായിരുന്നു ഒപ്പം. ”
രമ്യ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.

വന്നിട്ട് ഒരു മാസമായെന്ന് പറഞ്ഞത് മാത്രേ പവിത്ര കേട്ടുള്ളു. മറ്റൊന്നും അവൾ കേട്ടില്ല. ഒരു മാസമായി നാട്ടിൽ എത്തിയിട്ട് ഒരു തവണ പോലും തന്നെ കാണാൻ വന്നില്ല….
അതിലെന്തോ ഒരു വല്ലായ്മ അവൾക്ക് അനുഭവപ്പെട്ടു.

അമ്പലത്തിൽ വെച്ച് പിന്നീട് കണ്ടെങ്കിലും പവിത്ര മിണ്ടാൻ നിൽക്കാതെ അവനോട് പിണങ്ങി നടന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്പലത്തിൽ രാത്രി കഥകളി നടത്തുന്നത്. കാണാൻ എല്ലാരും പോകുന്നുണ്ടായിരുന്നു. അച്ഛൻ വീട്ടിൽ ഇല്ലാത്തത് കൊണ്ട് കാണാൻ പോകാൻ പവിത്രയ്ക്ക് മടി ആയിരുന്നു. അമ്മയെ കൂടെ അമ്പലത്തിലേക്ക് വിളിച്ചെങ്കിലും അവർ വരുന്നില്ലെന്ന് പറഞ്ഞു. പത്മം ജയയെ വിളിച്ചു കൂട്ടിരുന്നോളാം എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു പൊയ്ക്കോളാൻ അനുവാദം കൊടുത്തു.

കുറച്ചു ദിവസങ്ങളായി വീട്ടിൽ നടക്കുന്ന അച്ഛന്റെയും അമ്മയുടെയും വഴക്കും അമ്മയും അമ്മാവനും അമ്മായിയും കൂടി ഇരുന്ന് തങ്ങൾ കുട്ടികൾ കേൾക്കാതെ ചർച്ച ചെയ്യുന്ന കാര്യങ്ങളും അവളിൽ പല സംശയങ്ങളും ഉണർത്തിയിരുന്നു.

മുൻപിൽ നടക്കുന്ന കഥകളി ആസ്വദിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല പവിത്ര. അവൾക്ക് തിരികെ വീട്ടിലേക്ക് പോകണമെന്ന് തോന്നി. രമ്യയോട് കാര്യം പറഞ്ഞിട്ട് അവൾ അമ്പലത്തിൽ നിന്നും ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിലെ മങ്ങിയ വെട്ടം വഴി കാണിക്കുന്നുണ്ടെങ്കിലും തനിയെ ഇറങ്ങാൻ തോന്നിയത് മണ്ടത്തരം ആയെന്ന് അവൾ ഓർത്തു.
അപ്പോഴാണ് അടുത്തൂടെ ആരോ വന്നു കരം കവർന്നത്.
കുസൃതി ചിരിയോടെ നിൽക്കുന്ന മാധവിനെ കണ്ടപ്പോൾ ആശ്വാസമായെങ്കിലും കൈ വലിച്ചു കൊണ്ട് അവൾ പിണങ്ങി മുന്നേ നടന്നു.

” തീരെ വയ്യാരുന്നു എന്റെ പവിയേ…ആവുന്നതും നിന്നേ കാണാൻ ഞാൻ ശ്രമിച്ചതാ… പുറത്തോട്ട് ഇറങ്ങാൻ പോലും അമ്മ സമ്മതിക്കുന്നില്ലായിരുന്നു… പിന്നെ വയ്യാഴിക കാരണം ഞാനും മടിച്ചു. ഒന്ന് ക്ഷമിക്കേടോ ”

സങ്കടത്തോടുള്ള അവന്റെ നിൽപ്പും പറച്ചിലും കേട്ടപ്പോൾ അവളുടെ മനസ്സ് അലിഞ്ഞു.

” ഒരു മാസം നാട്ടിൽ ഉണ്ടായിട്ടും കാണാൻ വരാഞ്ഞതിലുള്ള സങ്കടം കൊണ്ട പിണങ്ങി നടന്നത് . സാരമില്ല തീരെ വയ്യാഞ്ഞിട്ട് അല്ലേ. ഇപ്പൊ ഒക്കെ ഭേദമായില്ലേ ”
പവിത്ര ഇരുകൈകളും അവന്റെ മുഖത്ത് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

” മ്മ്…അല്ല നീ എന്താ വീട്ടിൽ പോണത്… കഥകളി കാണണ്ടേ… ”

” എനിക്ക് തലവേദന പോലെ…. അതാ പോന്നത് ”

” അപ്പൊ പുണ്യയും പ്രശാന്തും എങ്ങനെ വരും … ”

” നാളെ അവധി അല്ലേ രമ്യയോട് പറഞ്ഞിട്ടുണ്ട്അവളുടെ കൂടെ അവരെയും കൂടി വീട്ടിലേക്ക് കൊണ്ടുപോകാൻ ”

വീടിന്റെ അടുത്ത് വരെ പവിത്രയെ ആക്കിയിട്ട് മാധവ് തിരിച്ചു പോയി. മുറ്റത്ത് വന്നു കേറിയപ്പോൾ അടച്ചിട്ട വാതിലും പുറത്തെ ഇരുട്ടും കണ്ട് അവൾ അമ്പരന്നു.
വെളിയിലെ ലൈറ്റ് അങ്ങനെ ഓഫ്‌ ആക്കുന്നതല്ലല്ലോ…
അവൾ ആശങ്കയോടെ സിറ്റൗട്ടിലേക്ക് ധൃതിയിൽ ഓടി കേറി. അകത്തു നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. വർധിച്ച നെഞ്ചിടിപ്പോടെ പവിത്ര വാതിലിൽ കൈ വെച്ചു.

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

Share this story