പവിത്ര: PART 19

പവിത്ര: PART 19

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

സാധാരണ വരാറുള്ള സമയമായിട്ടും മാധവിനെ കാണാതായപ്പോൾ പവിത്രക്ക് ടെൻഷൻ ആയി.
തന്റെ വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ ഒക്കെ നടന്നിട്ടും അവൻ ഒരിക്കൽ പോലും ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിച്ചിട്ടില്ല…

അച്ഛനെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ ഈ ബന്ധം വേണ്ടായെന്ന് മാധവേട്ടന് തോന്നി കാണുമോ… !

” പവി ”
മാധവിന്റെ വിളി കേട്ടപ്പോൾ താൻ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയാണെന്നും മാധവ് തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നും അവൾ ആശ്വസിച്ചു.

” ഇത്രയും താമസിച്ചപ്പോൾ മാധവേട്ടൻ വരില്ലെന്നാണ് ഞാൻ കരുതിയത് ”

” എന്റെ പവി വിളിച്ചാൽ ഞാൻ വരാതെ ഇരിക്കോ ”
പവിത്രയുടെ അരികിലായി മാധവ് ഇരുന്നു.

” അറിഞ്ഞില്ലേ ഇവിടുത്തെ വിശേഷങ്ങളൊക്കെ ”

” മ്മ് അറിഞ്ഞു….
അതൊക്കെ വിട്ടു കളഞ്ഞേക്ക് പവി…
എല്ലാം വിധിയാണെന്ന് അങ്ങ് കരുതിയാൽ മതി…”

” വിധിയോ… !!
പവിത്ര പുച്ഛത്തോടെ മുഖം കോട്ടി.

” ഇതുപോലെ ഓരോ ചെറ്റത്തരം കാണിച്ചു കൂട്ടിയിട്ട് അതിനെ വിധി എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കരുത്….
മാധവേട്ടന് അറിയോ ഞാൻ വരാൻ അല്പം താമസിച്ചിരുന്നെങ്കിൽ എന്റെ അമ്മയെ അയാൾ കൊന്നു കളഞ്ഞേനെ… അത് ഓർക്കാൻ പോലും വയ്യ ”
എത്രയൊക്കെ ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവൾ വിതുമ്പി പോയി. മാധവ് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. അവന്റെ തോളിലേക്ക് പവിത്ര തല ചായ്ച്ചിരുന്നു.

” ഇത്രയും നല്ലൊരു കുടുബം ഉണ്ടായിട്ടും അച്ഛന് മറ്റൊരു സ്ത്രീയുടെ അടുത്ത് സുഖം തേടി പോകാൻ എങ്ങനെ മനസ്സ് വന്നു… എത്രയൊക്കെ എന്നെ ആട്ടി അകറ്റിയിരുന്നെങ്കിലും ആ മനുഷ്യനോട് എനിക്ക് സ്നേഹവും ബഹുമാനവും മാത്രേ ഉണ്ടായിരുന്നുള്ളു… പക്ഷേ ഇപ്പോൾ വെറുപ്പ് മാത്രേയുള്ളു…. കൊല്ലാനുള്ള വെറുപ്പ് ”
കിതച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി.

” എനിക്ക് മനസ്സിലാകുന്നുണ്ട് മോളേ നിന്റെ വിഷമം… എന്തായാലും അയാളെ ഒഴിവാക്കിയില്ലേ അതുമതി.
അതൊക്കെ തല്ക്കാലം നമ്മുക്ക് മറക്കാം.. നിനക്ക് അത്യാവശ്യമായിട്ട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ഇതാണോ ”

” ഇത്രയൊക്കെ ഞാൻ തകർന്നിരിക്കുന്ന സമയത്ത് മാധവേട്ടൻ എവിടായിരുന്നു…. എന്നെ കാണാനോ സംസാരിക്കാനോ ഒന്നും വന്നില്ലല്ലോ ഏട്ടൻ…. അച്ഛനെ കുറിച്ച് അറിഞ്ഞപ്പോൾ ഈ ബന്ധം നാണക്കേടായി തോന്നിയോ ”

മാധവിൽ നിന്നും അകന്നു മാറി കൊണ്ട് പവിത്ര ചോദിച്ചു. അതിന് മറുപടിയായി അവൻ അവളെ വലിച്ചു അടുത്തേക്ക് ഇരുത്തി.

” എന്റെ പവി നീ എന്തൊക്കെയാ ഈ പറയുന്നത്….ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയാതെ. ഞാൻ കുറച്ചു തിരക്കിൽ ആയി പോയി. നീയും ഞാനും ഒരുമിച്ച് ഉള്ള ജീവിതം അതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ. ബാംഗ്ലൂർ പോയിരുന്നു ജോലിയുടെ കാര്യമൊക്കെ ശരിയായി അടുത്താഴ്ച ജോയിൻ ചെയ്യണം ”

മാധവിന് ജോലി കിട്ടിയെന്ന വാർത്ത അവളെ വളരെയധികം സന്തോഷിപ്പിച്ചു. ദുഃഖങ്ങൾക്കിടയിലും ആശ്വസിക്കാൻ ഒരു വകയായി.

” ഇനി ഇപ്പൊ ധൈര്യമായിട്ട് വന്നു നിന്നെ പെണ്ണുചോദിക്കാല്ലോ… എത്രയും പെട്ടെന്ന് തന്നെ എന്റെ പെണ്ണിനെ എന്റെ വീട്ടിലേക്ക് കൊണ്ടു പോകണം ”

” അത്…. മാധവേട്ടാ ഇപ്പൊ കാര്യങ്ങൾ പണ്ടത്തെ പോലെയല്ല എനിക്ക് പെട്ടെന്ന് ഒരു കല്യാണം സാധിക്കില്ല ”

” എന്തുകൊണ്ട് ”

” ഇപ്പോൾ വീടിന്റെ മുഴുവൻ ഉത്തരവാദിത്തം എന്റെ ചുമലിൽ ആണ്…. പുണ്യയെയും പ്രശാന്തിനെയും പഠിപ്പിക്കണം… ഒരു നിലയിൽ എത്തിക്കണം അമ്മയെ നോക്കണം, ഇതൊക്കെ എന്റെ കടമകൾ അല്ലേ മാധവേട്ടാ ”

” അതിന് മുരളിയേട്ടൻ ഇല്ലേ പവി….
നീ എന്തിനാ എല്ലാ ഭാരവും ഒറ്റയ്ക്ക് ചുമക്കുന്നത് ”
മാധവിന്റെ ശബ്ദത്തിലെ ഗൗരവം പവിത്ര തിരിച്ചറിഞ്ഞു. എങ്കിലും അവൾ അത് കാര്യമാക്കിയില്ല.

” മുരളിയേട്ടനെ കൊണ്ട് ഇതൊന്നും നടക്കുന്ന കാര്യമല്ല…..
കുറച്ചു നാളും കൂടെ ക്ഷമിക്ക് മാധവേട്ടാ… പ്രായം കഴിഞ്ഞു പോയൊന്നുമില്ലല്ലോ…
പിന്നെ ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ എന്റെ മാധവേട്ടൻ കാണില്ലേ എന്റെ കൂടെ…
തളരുമ്പോൾ താങ്ങായി എന്റെ മാധവേട്ടൻ ഉണ്ടാകുമെന്ന ആശ്വാസം മാത്രമാണ് എനിക്ക് ഇപ്പോൾ കൂട്ടുള്ളത് ”
മാധവിന്റെ കൈകൾ ചുണ്ടോട് ചേർത്ത് പവിത്ര മന്ത്രിച്ചു.

” നിന്റെ നാളിൽ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടെന്ന് പണ്ട് നീ പറഞ്ഞിരുന്നില്ലേ…
ജാതകത്തിൽ കല്യാണയോഗമില്ലെന്നോ മറ്റോ ഉണ്ടെന്ന് ഈയ്യിടെ രമ്യ പറയുന്ന കേട്ടല്ലോ ”
മാധവിന്റെ ചോദ്യം കേട്ട് സംശയത്തോടെ പവിത്ര അവനെ നോക്കി.

” എന്തോ കല്യാണക്കാര്യം ഒക്കെ പറഞ്ഞു വന്നപ്പോൾ അവളുടെ വായിൽ നിന്ന് വീണതാ ”
അവളുടെ നോട്ടം കണ്ടപ്പോൾ അവൻ കാര്യം വിശദീകരിച്ചു.

” എന്താ മാധവേട്ടാ എന്നെ കല്യാണം കഴിക്കാൻ പേടിയുണ്ടോ ”

” എന്താ പവി… ഞാൻ വെറുതെ ചോദിച്ചെന്ന് അല്ലേയുള്ളു ”

” എല്ലാം കൊണ്ട് മനസ്സ് മടുത്തിരിക്കുവാ ഞാൻ…
ഇനി മാധവേട്ടനും കൂടെ എന്നെ വേണ്ടാ എന്നാണെങ്കിൽ ഞാൻ… എനിക്ക് ”
പവിത്രയുടെ കണ്ണുകൾ നിറഞ്ഞു. അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ മുഖം പൊത്തി കുനിഞ്ഞിരുന്നു.

” ഛെ… പവി കരയാതെ…
എന്ത് ദോഷം ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് നിന്നെ മാത്രം മതി…
നീ മാത്രമാണ് മാധവിന്റെ ജീവിതത്തിലെ പെണ്ണ് … ”

മാധവ് ബലമായി പവിത്രയെ നെഞ്ചോട് അടുക്കി പിടിച്ചു. നിറയെ പീലികളുള്ള അവളുടെ വിടർന്ന കണ്ണുകളിൽ മാറി മാറി മുത്തം നൽകി.
മാധവിന്റെ സ്നേഹച്ചൂടിൽ അവന്റെ നെഞ്ചിലേക്ക് അവൾ ഒന്നൂടി ചേർന്നിരുന്നു. ഇത്രയും ദിവസം കൊണ്ട് അവൾ കൊതിച്ച സ്വാന്തനം ആയിരുന്നു മാധവ്.
ചുണ്ടുകളിൽ അവനേകിയ പ്രണയചുംബനം അവൾ നിഷേധിച്ചില്ല.
പവിത്രയുടെ കഴുത്തിലേക്ക് മാധവ് മുഖം പൂഴ്ത്തി.
ഒരു പിടച്ചിലോടെ പവിത്ര അവനെ തന്റെ ദേഹത്ത് നിന്നും തള്ളി മാറ്റി. അവൻ അത് കാര്യമാക്കാതെ വീണ്ടും അവളിലേക്ക് അടുത്തു. ഇത്തവണ പവിത്ര ശക്തമായി അവനെ തള്ളി.
ബാലൻസ് തെറ്റി മാധവ് താഴത്തെ സ്റ്റെപ്പിലേക്ക് വീഴാൻ പോയെങ്കിലും വീണില്ല.

” മാധവേട്ടാ സമയം വൈകി നേരം പുലരാറാകുന്നു. വീട്ടിലേക്ക് പൊക്കൊളു ”

പവിത്ര അവന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു വീട്ടിലേക്ക് പോയി. മാധവ് കുറെയേറെ നേരം അവിടെ ഇരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. അത് മുറിയിലെ ജനലിൽ കൂടി പവിത്ര കണ്ടിരുന്നു.

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ പവിത്രയെ തകർക്കുന്ന അടുത്ത വാർത്ത എത്തി….
രമ്യയുടെ കല്യാണം ഉറപ്പിച്ചു…
ആ വിശേഷം എങ്ങനാ പവിത്രയെ തളർത്തുന്നത്…. !!
രമ്യയുടെ വരൻ മാധവ്… !

” മാധവേട്ടനോ നീ എന്താ പുണ്യേ തമാശ പറയുവാണോ ”

” ഇതിൽ എന്താ തമാശ പവിത്രേച്ചി… രണ്ടു ദിവസം മുൻപ് അമ്മാവന്റെ വീട്ടിൽ അമ്മ പോയത് കല്യാണം ഉറപ്പിക്കുന്ന കാര്യത്തിനാ… ചേച്ചിയോട് ഇതൊന്നും പറയാൻ സമ്മതിക്കില്ലല്ലോ….
ഏത് നേരവും എന്തേലും ജോലിയിൽ ആയിരിക്കും അല്ലെങ്കിൽ പിന്നെ തൊട്ടതിനും പിടിച്ചതിനും ദേഷ്യം ”
പുണ്യ എന്തൊക്കെയോ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.

ഒരു നിമിഷം പോലും പാഴാക്കാതെ പവിത്ര അമ്മയോട് വിവരങ്ങൾ തിരക്കി. അമ്മയിൽ നിന്നും കേട്ട വാക്കുകൾ ഒരിക്കലും സത്യമാകരുതേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.
സത്യം അറിയണം രമ്യയെ കാണണം….എവിടേക്കാണെന്ന് പോലും അമ്മയോട് പറയാൻ നിൽക്കാതെ പവിത്ര വീട്ടിൽ നിന്നും ഇറങ്ങി.

അമ്മാവന്റെ വീട്ടിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു എന്നിട്ടും കിലോമീറ്ററുകളുടെ ദൂരം ഉണ്ടെന്ന് അവൾക്ക് തോന്നി. മുറ്റത്ത് നിന്ന അമ്മാവൻ ചിരിച്ചു കാണിച്ചതോ എപ്പോൾ വന്നെന്ന് അമ്മായി ചോദിച്ചതോ ഒന്നും അവൾ അറിഞ്ഞില്ല…
രമ്യയുടെ മുറിയിൽ എത്താനുള്ള ധൃതി ആയിരുന്നു അവൾക്ക്.

കിടക്കുക ആയിരുന്ന രമ്യ പവിത്രയെ കണ്ടതും സന്തോഷത്തോടെ എണീറ്റു. ചിരിയോടെ അവളെ അകത്തേക്ക് സ്വീകരിച്ചു.
ഒന്നും മിണ്ടാതെ തന്നേ തുറിച്ചു നോക്കി നിൽക്കുന്ന പവിത്രയെ കണ്ട് രമ്യയുടെ മുഖം താഴ്ന്നു.

” ഞാൻ അറിഞ്ഞതൊക്കെ സത്യമാണോ രമ്യേ…. ”
പതിഞ്ഞ സ്വരത്തിൽ പവിത്ര തിരക്കി.

” മ്മ് സത്യമാ…
ഞാനും മാധവേട്ടനും തമ്മിൽ നാല് വർഷമായി പ്രണയത്തിലാണ്… ”

” അതല്ല ഞാൻ ചോദിച്ചത്… നിനക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞു അത് സത്യമാണൊന്നാ തിരക്കിയത് ”
രമ്യയുടെ വയറിനു മേൽ കൈ വെച്ച് കൊണ്ട് ആ ചോദ്യം ചോദിക്കുമ്പോൾ തന്റെ സ്വരം ഇടറാതെ ഇരിക്കാൻ അവൾ ആവതും ശ്രമിച്ചു.

” അതും സത്യമാണെടി…. പറ്റി പോയി. നീ അറിഞ്ഞാൽ എന്നെ കൊല്ലുമെന്ന് എനിക്ക് അറിയാം അതാ നിന്നോട് മറച്ചു വെച്ചത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് നിന്നോട് പറയാതെ ഇരുന്നിട്ട് എനിക്ക് വല്ലാത്തൊരു ശ്വാസം മുട്ടലായിരുന്നു. മാധവേട്ടനാ പറഞ്ഞത് ജോലി ആയി കഴിഞ്ഞു എല്ലാരോടും പറയാമെന്ന്… ”

രമ്യ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അത് മുഴുവനായും പവിത്ര കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ പുറത്തേക്ക് ഇറങ്ങി. ഇന്ദു അമ്മായി പിടിച്ചു നിർത്തി.

” വിശേഷങ്ങൾ ഒക്കെ അറിഞ്ഞില്ലേ… കൂട്ടുകാരി പറ്റിച്ച പണി…
അറിഞ്ഞപ്പോൾ ഞാൻ ഒന്ന് കൊടുത്തു. പിന്നെന്താ ചെറുക്കനെ നമ്മുക്ക് എല്ലാർക്കും അറിയാവുന്നതല്ലേ… സുന്ദരനാണ്, സൽസ്വഭാവിയാണ്, രാജേഷിന്റെ കൂട്ടുകാരൻ അല്ലേ അവൻ. ജോലിയും ആയപ്പോൾ അവൻ അന്തസ്സായിട്ട് വീട്ടുകാരെയും കൂട്ടി വന്നു പെണ്ണുചോദിച്ചു. അവനെ വേണ്ടെന്ന് വെക്കാൻ ഒരു കാരണവും ഇല്ല. എല്ലാം പെട്ടെന്ന് അങ്ങ് ഉറപ്പിച്ചു മോളേ…
കല്യാണം നീട്ടി വെക്കാൻ പറ്റില്ലല്ലോ… പെണ്ണിനെ എങ്ങനാ നിറവയറോടെ പന്തലിൽ കൊണ്ട് വന്നിരുത്തുന്നത്… !
അടുത്ത മാസം നല്ലൊരു മുഹൂർത്തം ഉണ്ട് അന്ന് നടത്താമെന്ന് തീരുമാനിച്ചു.
നീ വേണം എല്ലാത്തിനും അവളുടെ കൂടെ കേട്ടോ ”
അമ്മായി വാത്സല്യത്തോടെ അവളുടെ താടിയിൽ പിടിച്ചു. എല്ലാത്തിനും യാന്ത്രികമായി തലയാട്ടിയിട്ട് അവൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി.

” ഈ കുട്ടിക്ക് എന്തുപറ്റി ”
ഇന്ദു ഭർത്താവിനോട് ചോദിച്ചു.

” മനപ്രയാസം ഉണ്ടെന്റെ കുട്ടിക്ക്…
മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഒരു പിടിയുമില്ലല്ലോ അവൾക്ക്. മനസ്സറിഞ്ഞു സന്തോഷിക്കാനുള്ള അവസ്ഥയിൽ അല്ലല്ലോ അവളിപ്പോ ”
രാഘവൻ ദീർഘനിശ്വാസത്തോടെ പവിത്ര പോകുന്നത് നോക്കി നിന്നു.

നടക്കുന്നതൊക്കെ മിഥ്യയോ യാഥാർഥ്യമെന്നോ തിരിച്ചറിയാൻ കഴിയാതെ പിന്നീടുള്ള ദിനങ്ങൾ പവിത്രയ്ക്ക് മുൻപിലൂടെ കടന്നു പോയി.
കരഞ്ഞു വിളിച്ചു മുറിയുടെ മൂലയ്ക്ക് ഒതുങ്ങാൻ പവിത്ര തയ്യാറല്ലായിരുന്നു. ഉള്ളിൽ ഉരുകുന്ന തീ അണയാതെ സൂക്ഷിച്ചു കൊണ്ടവൾ മുന്നോട്ട് നടന്നു.

രമ്യയുടെ വീട്ടിൽ കല്യാണമേളം കൊഴുക്കുമ്പോൾ പവിത്ര പാർട്ട്‌ ടൈം ജോലിക്കും ടാലി ക്ലാസ്സിനുമായി ഓടി നടന്നു. ഉന്തിന്റെ കൂടെ ഒരു തള്ളെന്ന പോലെ തന്റെ തയ്യൽ മെഷിൻ ചവിട്ടി പത്മവും അവൾക്ക് ഒപ്പം ഉണ്ടായിരുന്നു.
ആങ്ങളയുടെ മകളുടെ പ്രായം ഉള്ള തന്റെ മോള് വീട് കര കയറ്റാൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവർ ഉള്ളിൽ കരയുകയായിരുന്നു.
ചിരിക്കാൻ പോലും മറന്നു എപ്പോഴും പ്രായത്തെ കവിഞ്ഞ ഗൌരവ മുഖത്തോടെ നടക്കുന്ന പവിത്ര ആ അമ്മയുടെ ഉള്ളിലെ നൊമ്പരമായി മാറി.

ഇതിനിടയിൽ എപ്പോഴും പവിത്ര തേടിയിരുന്നത് മാധവിന്റെ മുഖം മാത്രമായിരുന്നു.
എന്തിന് വേണ്ടി തന്നെയൊരു കോമാളി ആക്കി…
ആ ഒരു ചോദ്യം മാത്രേ അവനോട് ചോദിക്കാനുണ്ടായിരുന്നുള്ളു അവൾക്ക്. എന്നാൽ കല്യാണത്തിന്റെ തലേന്നേ അവൻ എത്തുകയുള്ളൂ എന്ന് രാജേഷ് പറഞ്ഞു അറിഞ്ഞു.
കല്യാണത്തിരക്കിനിടയിൽ പവിത്രയോടൊന്ന് സംസാരിക്കാനോ അവളുടെ കാര്യങ്ങൾ തിരക്കാനോ രാജേഷിനു സമയം കിട്ടിയിരുന്നില്ല.

ഓരോരോ കാരണങ്ങൾ പറഞ്ഞു രമ്യയുടെ അടുത്തേക്കുള്ള പോക്ക് അവൾ ഒഴിവാക്കി കൊണ്ടിരുന്നു. അവളോട് ഒരു വിരോധവും ഉണ്ടായിട്ടല്ല…. അവളുടെ മുൻപിൽ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് നിൽക്കാൻ തനിക്ക് കഴിഞ്ഞെന്ന് വരില്ല.
ഒരു പക്ഷേ അവൾ ഗർഭിണി ആയിരുന്നില്ല എങ്കിൽ സത്യങ്ങളൊക്കെ വിളിച്ചു പറഞ്ഞു മാധവിന്റെ പൊയ്‌മുഖം വലിച്ചു കീറാമായിരുന്നു.
എന്നാൽ ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്…. അവൾക്ക് എങ്കിലും ഒരു ജീവിതം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് മാത്രം പവിത്ര മനസ്സിൽ കരുതി.

രമ്യയുടേയും മാധവിന്റെയും വിവാഹം കാണാൻ പവിത്ര പോയി.
എന്തിന് പോകാൻ മടിക്കണം…
ഒരു തെറ്റും താൻ ചെയ്തിട്ടില്ല. തെറ്റ് ചെയ്തവൻ അവനാണ് മാധവ്.
അവന്റെ ചതിയിൽ പവിത്ര വീണുപോയിട്ടില്ലെന്ന് അവൻ കാണണം…
കല്യാണമണ്ഡപത്തിൽ ഇരിക്കുന്ന നിമിഷത്തിലും തന്നെ കാണുമ്പോൾ അവന്റെ മുഖം വിളറുന്നത് കാണണം….
താലി കെട്ടുന്ന വിരലുകൾ ഭയത്താൽ വിറക്കണം….

ഈ ചിന്തകളോടെ പോയ പവിത്രയ്ക്ക് മുന്നിൽ ഒരു കുറ്റബോധവുമില്ലാതെ മാധവ് ഇരുന്നു. രമ്യയുടെ കഴുത്തിൽ താലി കെട്ടിയിട്ട് തന്നെ നോക്കുന്ന മാധവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ചിരിയുണ്ടായിരുന്നു.

ഒന്നുമറിയാതെ നിറഞ്ഞ സന്തോഷത്തോടെ മാധവിന്റെ താലിയേറ്റ് വാങ്ങി ചിരിയോടെ ഇരിക്കുന്ന രമ്യയെ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അവൾക്ക് അനുഭവപ്പെട്ടു.

അവിടുന്ന് ഇങ്ങോട്ട് നീണ്ട പതിനഞ്ചു വർഷങ്ങൾ പവിത്ര ജീവിക്കുകയായിരുന്നു. ആരുടെ മുൻപിലും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ആരോടോ ഉള്ള വാശി പോലെ തലയുയർത്തി തന്നെ അവൾ ജീവിച്ചു.

” ഇതാണ് അഹങ്കാരിയായ തന്റേടിയായ പവിത്രയുടെ കഥ മിസ്റ്റർ ഡേവിഡ് ”
ആത്മനിന്ദയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത്രയും നേരം പവിത്രയെ ശ്രവിച്ചു കൊണ്ടിരുന്ന ഡേവിഡിന്റെ മിഴികളിലും രണ്ടു തുള്ളി കണ്ണുനീർ നിറഞ്ഞിരുന്നു….
അതിനൊപ്പം പവിത്ര എന്ന ഹിറ്റ്ലർ ദീദിയോടുള്ള അടങ്ങാത്ത ആദരവും…

( തുടരും )

അങ്ങനെ പാസ്റ്റ് കഴിഞ്ഞു 😊

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

Share this story