പവിത്ര: PART 20

പവിത്ര: PART 20

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

അടുത്തടുത്ത സമയങ്ങളിൽ ആ ചെറുപ്രായത്തിൽ പവിത്രയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ…
അതിനെ അതിജീവിച്ചു വന്നതിന്റെ പ്രതിഫലനമാണ് ഇന്നത്തെ ഈ പവിത്ര… !
കണ്ണീർ ഒലിപ്പിച്ചു വീടിന്റെ മൂലയിൽ ഒതുങ്ങി കൂടാതെ, മറ്റുള്ളവരുടെ ആജ്ഞകൾക്ക് അനുസരിച്ചു ജീവിക്കാതെ, മനസ്സിനെ കല്ലാക്കി മുഖത്ത് ഗൗരവം നിറച്ചു തനിക്ക് ശരിയെന്നു തോന്നിയത് തലയുയർത്തി തന്റേടത്തോടെ പറയാനും ചെയ്യാനും ശീലിച്ചവൾ.. !

പവിത്ര ഹിറ്റ്ലർ ദീദി ആയതിൽ ഇപ്പോൾ ഡേവിഡിന് ഒരു സംശയവും ഇല്ല..
ഇത്രയും പറഞ്ഞു തീർക്കുമ്പോൾ ഒരു തവണ പോലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല…അല്പം പോലും ദുഃഖം അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല…
ഡേവിഡ് അത്ഭുതത്തോടെ അവളെ നോക്കി കണ്ടു.

” രമ്യ പ്രെഗ്നന്റ് ആയിരുന്നിട്ട് ആ കുഞ്ഞ് എവിടെ പോയെന്ന് ഡേവിഡ് ചോദിക്കുന്നില്ലേ ”
പവിത്ര ചോദ്യഭാവത്തിൽ അവനെ നോക്കി.

” രാജേഷ് പറഞ്ഞിരുന്നു കുഞ്ഞിനെ കളഞ്ഞ കാര്യം ”

” അതെ… കല്യാണം കഴിഞ്ഞ പുതുമോടി ഘോഷിക്കാൻ കുഞ്ഞ് ഒരു തടസമാണെന്ന് ആ ദുഷ്ടന് തോന്നി…
ആരെയും അറിയിക്കാതെ അവനും അവളും ചേർന്ന് അബോർഷൻ നടത്തി. അവന്റെ പഞ്ചാര വാക്കുകൾ ആയിരുന്നു രമ്യക്കും വേദ വാക്യം. രണ്ടും ഒരുതരത്തിൽ പറഞ്ഞാൽ കൊലപാതകികൾ തന്നെയാണ് ”
പവിത്രയുടെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു.

” ആ തെറ്റിന്റെ ഫലമല്ലേ അവർ ഇപ്പോൾ അനുഭവിക്കുന്നത്… ഒരു കുഞ്ഞിന് വേണ്ടി ഹോസ്പിറ്റലുകളിലും അമ്പലങ്ങളിലും കയറി ഇറങ്ങുവല്ലേ രണ്ടുപേരും. ”
ഡേവിഡ് ദേഷ്യത്തോടെ പറഞ്ഞു.

” നമ്മൾ ചെയ്യുന്ന തെറ്റിനുള്ള ഫലം അത് എന്നായാലും തിരിച്ചു കിട്ടിയിരിക്കും…
പിന്നെ ഈ കഥയൊക്കെ മിസ്റ്റർ ഡേവിഡിനോട് പറഞ്ഞത് തന്നിൽ നിന്നും ഒരു സിമ്പതി പ്രതീക്ഷിച്ചിട്ടൊന്നുമല്ല… മാധവിനെ പോലെ തന്നെയാണ് താനും എന്ന് ഞാൻ തെറ്റിദ്ധരിച്ചു.അങ്ങനെ അല്ല എന്ന് ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലല്ലോ…അതുകൊണ്ടാണ് ഈ കഥ ഡേവിഡിനോട് പറഞ്ഞത്. ”

” കുറെയൊക്കെ എനിക്കും അറിയാമായിരുന്നു. രാജേഷ് എന്നോട് പറഞ്ഞിരുന്നു. ”

” മാധവിന്റെ കാര്യം ഏട്ടനോട് പറയരുതെന്ന് ഞാൻ കരുതി ഇരുന്നതാണ്. പക്ഷേ അച്ഛനെ കുറിച്ച് അറിഞ്ഞത് കൊണ്ട് മാത്രമുള്ള ഷോക്ക് അല്ല എന്റെ മാറ്റത്തിന്റെ കാര്യമെന്ന് മനസ്സിലാക്കാൻ ഏട്ടന് കഴിഞ്ഞു. മാത്രമല്ല എന്റെ മുറിയിൽ നിന്നും മാധവിന്റെ ഫോട്ടോ ഏട്ടന് കിട്ടി.

എല്ലാം അറിഞ്ഞപ്പോൾ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ മാത്രേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.
രമ്യ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴേ അമ്മാവൻ പാതി തകർന്നതാണ്… മാധവിന്റെ ചതി കൂടി അറിഞ്ഞാൽ അമ്മാവന്റെ അവസ്ഥ എന്താകും… രമ്യ അറിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് ഒക്കെയുള്ള കാര്യങ്ങൾ പറഞ്ഞു ഞാൻ രാജേഷേട്ടനെ അടക്കി നിർത്തി… ”

” അല്ല ഈ ആദർശും അമ്മയുമൊക്കെ തന്റെ കയ്യിൽ എങ്ങനെ വന്നു പെട്ടു ”
ആ കാര്യത്തിൽ ഡേവിഡിന് വ്യക്തത ഇല്ലായിരുന്നു.

” അന്ന് വീട്ടിൽ നിന്നും ഇറക്കി വിട്ട് കഴിഞ്ഞു ഒരിക്കൽ പോലും അച്ഛൻ തിരികെ വീട്ടിലേക്ക് വന്നിട്ടില്ല. എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കാൻ അച്ഛൻ വരുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. അങ്ങനൊന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല പിന്നീട് ഒന്ന് രണ്ട് വട്ടം ആദർശിന്റെ അമ്മയോടൊപ്പവും മറ്റു ചിലപ്പോൾ വേറൊരു സ്ത്രീക്ക് ഒപ്പവും ഞാൻ അച്ഛനെ കണ്ടിട്ടുണ്ട്. ”

താൻ ചോദിച്ചതിന് ഉത്തരമല്ലല്ലോ പവിത്ര പറയുന്നതെന്ന് ഓർത്ത് ഡേവിച്ചൻ വീണ്ടും ചോദിക്കാൻ തുടങ്ങിയതും പവിത്ര പറഞ്ഞു തുടങ്ങിയതും ഒരുമിച്ചു ആയിരുന്നു.

” കൈമൾ സാറിനെ അറിയാല്ലോ ഡേവിഡിന്…
അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിൽ ഉള്ളതാണ് സാവിത്രിയമ്മ. കൈമൾ സാറിന് ഒരുപാട് ഇഷ്ടമായിരുന്നു സാവിത്രിയമ്മേ…
അച്ഛനും അമ്മയുമില്ലാത്ത സംസാരിക്കാൻ കഴിവില്ലാത്ത ആ സാധുസ്ത്രീയെ പറഞ്ഞു പറ്റിച്ചു എന്റെ അച്ഛൻ സ്വന്തമാക്കി. ആളാരെന്ന് സാർ അറിഞ്ഞില്ല. അറിഞ്ഞ അന്ന് അമ്മാവനോട് എല്ലാം പറഞ്ഞു….
അതിന്റെ ബാക്കി ആയിരുന്നു ആ രാത്രി നടന്ന ബഹളം.
അതിനൊക്കെ ശേഷം എനിക്ക് ഐശ്വര്യ ടെക്സ്റ്റയിൽസ് ജോലി ആയി കഴിഞ്ഞപ്പോൾ ആണ് കൈമൾ സാർ യാദൃശ്ചികമായി സാവിത്രിയമ്മയെയും ആദർശിനെയും കാണുന്നത്. അവരുടെ ഒപ്പം അന്ന് അച്ഛൻ ഇല്ല. വളരെ കഷ്ടത്തിൽ ആയിരുന്നു അവരുടെ ജീവിതം. സാർ അതൊക്കെ എന്നെ അറിയിച്ചു.
എന്തോ ആ അവസ്ഥയിൽ അവരെ ഉപേക്ഷിച്ചു കളയാൻ മനസ്സ് വന്നില്ല ”

” യൂ ആർ റിയലി ഗ്രേറ്റ്‌ പവിത്ര…
തന്നേ പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല ”
ഡേവിഡ് പറയുന്നത് കേട്ട് ചിരിയോടെ പവിത്ര എണീറ്റു.

” അത്രയ്ക്ക് ഒന്നും ഞാൻ ചെയ്തിട്ടില്ല മിസ്റ്റർ ഡേവിഡ്….
ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും ആരോടും പറഞ്ഞേക്കരുത്… ആരോടും എന്നുദ്ദേശിച്ചത് ആരെയൊക്കെ ആണെന്ന് മനസ്സിലായോ ”

” ഉവ്വ് ആദർശിനോടും സൗമ്യയോടും അല്ലേ ”

” അതെ ”

” ഇല്ല പറയില്ല….വേറൊരു സംശയം കൂടി അറിയാനുണ്ട്… ചോദിച്ചോട്ടെ ”
പവിത്രയുടെ അനുവാദത്തിനായി അവൻ കാത്തു.

” ചോദിച്ചോളൂ ”

” പവിത്രയ്ക്ക് എന്നെ മനസ്സിലായില്ലേ ആദ്യം കണ്ടപ്പോൾ ഒന്നും ”

” പത്തുപതിനാറു വർഷങ്ങൾക്ക് മുൻപ് കണ്ടതല്ലേ…
പെട്ടെന്ന് എങ്ങനെ ഓർമ്മ കിട്ടും… കാണുമ്പോൾ ഓർക്കാനും മാത്രം ഓർമ്മകൾ ഒന്നും ഇല്ലല്ലോ.. എപ്പോഴോ ഒന്ന് കണ്ടു സംസാരിച്ചു അത്രേയുള്ളല്ലോ.. പിന്നെ ഈ താടിയും മുടിയും ഒക്കെ വന്നപ്പോൾ ഒട്ടും മനസ്സിലായില്ല. എങ്കിലും എവിടെയോ കണ്ടുമറന്നത് പോലെ തോന്നിയിരുന്നു ”

” മ്മ് ”
ഡേവിഡ് വെറുതെ മൂളി. ഓർക്കാനും മാത്രം ഓർമ്മകൾ ഒന്നും താൻ അവൾക്കായി നൽകിയില്ല എന്ന സത്യം അവനെ വേദനിപ്പിച്ചു.

” പിന്നെ എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.. ഈ മിസ്റ്റർ ഡേവിഡ് എന്ന വിളി മാറ്റി ഡേവിഡ് എന്നോ ഡേവിച്ചൻ എന്നോ വിളിച്ചാൽ മതി… പ്ലീസ് ”

അതിന് മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും ആ വിളിക്ക് അവൾ മാറ്റം വരുത്തുമെന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു.

” ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവായിരുന്നോ ഞാൻ എവിടൊക്കെ നോക്കി ”
അവരുടെ അടുത്തേക്ക് ആദർശ് വന്നു. കുറച്ചു സമയത്തേക്ക് അഴിച്ചു വെച്ച ഗൗരവത്തിന്റെ മൂടുപടം വീണ്ടും അവൾ മുഖത്തേക്ക് ആവാഹിക്കുന്നത് ഡേവിഡ് കൗതുകത്തോടെ നോക്കി കണ്ടു.

” എന്താ കാര്യം ”
ആദർശിന്റെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു.

” ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുവായിരുന്നു. നിങ്ങളോട് യാത്ര പറയാൻ വന്നതാ ”

” ആഹ് നിങ്ങൾ പോവാണോ ”

” അതെ അളിയാ ചടങ്ങുകൾ ഒക്കെ കഴിഞ്ഞല്ലോ… ഇനി വീട്ടിൽ പോകാന്നു ഞാൻ വിചാരിച്ചു. ”
അവന്റെ അളിയൻ വിളി കേട്ട് പവിത്ര രണ്ട് പേരെയും സൂക്ഷിച്ചു നോക്കി. അതുകണ്ട് ഡേവിഡ് പതിയെ വീട്ടിലേക്ക് നടന്നു. പുറകേ അവരും.

പത്മത്തിന് സാവിത്രിയേയും മകനെയും തിരികെ അയക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. പവിത്ര പ്രത്യേകിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. പക്ഷേ ആദർശ് തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചു. ചേച്ചിയുടെ അനിയൻ തന്നെയാണ് അവൻ അഭിമാനത്തിന്റെ കാര്യത്തിൽ എന്ന് ചിരിയോടെ ഡേവിഡ് ഓർത്തു.

പുണ്യയെ കൂട്ടി കൊണ്ട് പോകാൻ ആകാശും വന്നിരുന്നു.

” കുറച്ചു ദിവസം പുണ്യ ഇവിടെ നിൽക്കട്ടെ ആകാശ് ”
അമ്മയുടെ ആവശ്യപ്രകാരം പവിത്ര അവനോട് അനുവാദം ചോദിക്കാൻ വന്നതാണ്.

” ഏയ്‌ അത് വേണ്ടാ ചേച്ചി ”

” എന്താ ആകാശ് അമ്മ അവിടെ വന്നു നിൽക്കാത്തതിന്റെ പിണക്കത്തിൽ ആണോ… ഒരു കാര്യം ചെയ്യ്… നിങ്ങൾ ഇപ്പോൾ പോകുമ്പോൾ ഞാൻ അമ്മയെ കൂടെ നിങ്ങളുടെ കൂടെ വിടാം. അവൾക്ക് റസ്റ്റ്‌ പറഞ്ഞിരിക്കുന്ന സമയം വരെ അമ്മ അവിടെ നിൽക്കട്ടെ… ഞാൻ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാം ”
പവിത്ര പത്മത്തിനെ വിളിക്കാൻ തുടങ്ങിയതും ആകാശ് തടഞ്ഞു.

” ആദ്യം അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കുറച്ചു ദേഷ്യം തോന്നി എന്നത് സത്യമാണ്… പക്ഷേ പിന്നെയാണ് ഞാൻ അങ്ങനെ അമ്മയെ വിളിച്ചു ചോദിച്ചത് തന്നെ ശരിയായില്ലെന്ന് ഓർത്തത്. എന്റെ തെറ്റാണ് ഞാൻ അത് ഓർക്കേണ്ടത് ആയിരുന്നു അമ്മ ഞങ്ങളുടെ ഒപ്പം വരുമ്പോൾ ചേച്ചി ഇവിടെ ഒറ്റയ്ക്ക് ആകുമെന്ന കാര്യം.
സത്യത്തിൽ ചേച്ചിക്ക് ഈ കാര്യത്തിൽ എന്നോട് പിണക്കം ഉണ്ടോ എന്നൊരു ടെൻഷൻ മാത്രേ എനിക്കുള്ളൂ ”
നിറഞ്ഞ ചിരിയോടുള്ള ആകാശിന്റെ മറുപടിയിൽ പവിത്രയുടെ മനസ്സും നിറഞ്ഞു.

” എനിക്ക് അങ്ങനെ ആരോടും പിണക്കം ഒന്നുമില്ല ആകാശ്… എന്റെ അനിയത്തിയോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് അത് ചോദിച്ചതെന്ന് ഞങ്ങൾക്ക് അറിയാം… അതിൽ സന്തോഷം മാത്രേയുള്ളു ”

എല്ലാവരും പിരിഞ്ഞു പോയപ്പോൾ അമ്മയും മോളും മാത്രമായി ആ വീട്ടിൽ. പതിയെ എല്ലാം പഴയത് പോലെ ആയി തുടങ്ങി. ഡേവിഡും പവിത്രയും ജോലിക്ക് പോയി തുടങ്ങി. ഡേവിഡിനോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം പവിത്ര വരുത്തി.
മുൻപൊക്കെ കാണുമ്പോൾ ആവശ്യമില്ലാതെ തന്നെ ചൊറിയാൻ വരുന്ന ആളായിട്ടാണ് അവനെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ എല്ലാം തുറന്നു പറയാൻ ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയ ആശ്വാസം ആണ് അവനെ കാണുമ്പോൾ. എങ്കിലും കൃത്യമായ ഒരു അകലം അവൾ പാലിച്ചിരുന്നു.

അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പത്മം ആണ്. കാരണം എന്തെന്ന് വെച്ചാൽ കഴിക്കാൻ ഒരുമിച്ച് ഇരിക്കുമ്പോൾ ഇവരുടെ വഴക്കിന് മധ്യസ്ഥത പിടിക്കലായിരുന്നു അവരുടെ പണി എന്നത് തന്നെ.

ഡേവിഡ് കഴിഞ്ഞ ദിവസം പറഞ്ഞത് അനുസരിച്ചു പവിത്ര വിഷ്ണുവിനെ കണ്ട് അന്ന് പറഞ്ഞു പോയതിനൊക്കെ സോറി പറയാൻ കാത്തുനിന്നു. പവിത്രയെ കണ്ടിട്ടും കാണാത്ത പോലെ പോകാൻ ഒരുങ്ങിയ അവനെ അവൾ വിളിച്ചു നിർത്തി.

” വിഷ്ണു… ഞാൻ അന്ന് അങ്ങനൊന്നും തന്നോട് പറയാൻ പാടില്ലായിരുന്നു. തനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കുന്നതിന് മുൻപ് തെറ്റിദ്ധരിച്ചു ഞാൻ പറഞ്ഞതിനൊക്കെ സോറി ”
പവിത്ര സോറി പറയുമെന്ന് സ്വപ്നത്തിൽ പോലും വിഷ്ണു കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ അവൻ അമ്പരന്നു നിൽക്കുക ആയിരുന്നു.

” വിഷ്ണു ”
പവിത്രയുടെ വിളി കേട്ട് അവൻ ബോധത്തിലേക്ക് വന്നു.

” ആഹ് അത് അപ്പൊ കുറച്ചു വിഷമം തോന്നിയിരുന്നു. സാരമില്ല സോറി സ്വീകരിച്ചിരിക്കുന്നു… ഇനി പൊക്കോട്ടെ ”
അവൻ പുഞ്ചിരിയോടെ യാത്ര ചോദിച്ചു.

അത്താഴം കഴിച്ചു കഴിഞ്ഞു കിടക്കാൻ തുടങ്ങുമ്പോൾ ആണ് ഡേവിഡിന്റെ ഫോൺ ബെല്ലടിച്ചത്. രാജേഷ് ആണ്.

” ഹലോ ആ പറയെടാ ”

” നീ പറയെടാ ഡേവിച്ചാ അവിടെ എന്താ വിശേഷം… അപ്പച്ചിയും പവിത്രയുമൊക്കെ ഓക്കേ ആയില്ലേ… എനിക്ക് ലീവ് ഇല്ലായിരുന്നു അതാ പെട്ടെന്ന് തിരികെ പോകേണ്ടി വന്നത് ”

” മ്മ് കുഴപ്പമില്ലെടാ.. നമ്മുടെ ഹിറ്റ്ലർ ദീദി അങ്ങനെ തളർന്നു പോകുന്ന ആളാണോ… പിന്നെ അവൾ ഉള്ളപ്പോൾ അമ്മയെയും തളർന്നു വീഴാൻ സമ്മതിക്കുമോ… ഇപ്പോൾ എല്ലാം പഴയ പോലെയായി ജോലിക്ക് പോയ്‌ തുടങ്ങി. ”

” ആദർശും അമ്മയും അവിടെ ഉണ്ടോടാ ”

” ഇല്ല.. അവർ തിരികെ പോയി വീട്ടിലേക്ക് ”

രാജേഷ് കുറച്ചു നേരം നിശ്ശബ്ദനായിരുന്നു.

” ഹലോ ഡാ രാജേഷേ ”

” ആഹ് പറഞ്ഞോടാ ”

” ഒരു ഗുഡ് ന്യൂസ് ഉണ്ടെടാ…
പവിത്ര എല്ലാം മനസ്സ് തുറന്ന് എന്നോട് സംസാരിച്ചു. അവളുടെ അച്ഛന്റെ കാര്യവും മാധവിന്റെ ചതിയും ഒക്കെ അവൾ എന്നോട് പറഞ്ഞു. ഇപ്പോൾ എന്നോട് ഫ്രണ്ട്ലി ആയാണ് അവൾ സംസാരിക്കുന്നത് ”

” ഇത് ഒരു പോസിറ്റീവ് സൈൻ ആണല്ലോ ഡേവിച്ചാ…
അവൾ അങ്ങനെ ഒന്നും ആരോടും സംസാരിക്കുന്നത് അല്ലല്ലോ…
ഇനി നിനക്ക് പറയരുതോ ഡേവിച്ചാ നിനക്ക് അവളെ ഇഷ്ടം ആണെന്ന്…
അവൾക്ക് വേണ്ടിയാണ് നീ ഇവിടേക്ക് വന്നതെന്ന് ”
രാജേഷിന്റെ ശബ്ദത്തിലെ ഉത്സാഹം ഡേവിഡ് തിരിച്ചറിഞ്ഞു.

” അത്… അത് പറയാൻ സമയം ആയിട്ടില്ല രാജേഷേ… നീ എന്താ അവളെ കുറിച്ച് വിചാരിച്ചു വെച്ചിരിക്കുന്നത് ഞാൻ ചെന്നു ഇഷ്ടമാണെന്ന് പറയണ്ട താമസം അവൾ അത് അക്‌സെപ്റ്റ് ചെയ്യുമെന്നോ…
ഒരിക്കലും ഇല്ലെടാ… ഞാൻ പറയുന്നതൊക്കെ കേട്ട് അവൾ എന്നെ ഇഷ്ടപ്പെടുകയോ എന്റെ ജീവിതത്തിലേക്ക് വരികയോ ഇല്ല ”

” അത് പറഞ്ഞാൽ അല്ലേ അറിയാൻ പറ്റൂ… നിനക്ക് എന്താ ഇപ്പൊ ഒരു മാറ്റം ഇതൊന്നും പറഞ്ഞല്ലല്ലോ ഇങ്ങോട്ട് വന്നത് “.
രാജേഷിനു ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” ഡാ എന്റെ ഇഷ്ടത്തിന് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല… മറിച്ചു അവളോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ. സത്യത്തിൽ പവിത്രയെ സ്നേഹിക്കാനുള്ള യോഗ്യത പോലും എനിക്ക് ഇല്ല. അവളോട് എനിക്ക് ഇപ്പോൾ ഇഷ്ടത്തെക്കാൾ കൂടുതൽ റെസ്‌പെക്ട് ആണുള്ളത്. ”

” നീ എന്താ പറഞ്ഞു വരുന്നത്… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ”
രാജേഷിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

” അതായത് മോനെ രാജേഷേ ഞാൻ ഇപ്പോൾ പവിത്രയോടൊപ്പമുള്ള സൗഹൃദം ആസ്വദിച്ചു തുടങ്ങിയതേയുള്ളു. എന്റെ പ്രണയം തുറന്നു പറഞ്ഞു ആ സൗഹൃദം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല….”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

Share this story