മിഥുനം: PART 15

മിഥുനം: PART 15

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

ദേവൂ എന്ന വിളി കേട്ട് ദേവുവും മിഥുനും ഒരുപോലെ തിരിഞ്ഞുനോക്കി . റോഡിൽ നിന്നു അവർക്കരികിലേക്ക് ഒരു പെൺകുട്ടി നടന്നു വരുന്നുണ്ടായിരുന്നു . ദേവുവിന്റെ അതേപ്രായം കാണും. ചുരിദാർ ആണ് വേഷം.

അവളെ കണ്ടതും ദേവു “ഗായൂ “എന്ന് നീട്ടിവിളിച്ചു . അടുത്തെത്തിയതും രണ്ടാളും കെട്ടിപിടിച്ചു സ്നേഹം പങ്കുവെച്ചു. അപ്പോഴേക്കും മാളു വെള്ളത്തിൽ കളി നിർത്തി അവർക്കരികിലേക്ക് വന്നു.

“ഇതാരാ ഏടത്തി? ” മാളു ചോദിച്ചു.

“മാളു ഇത് ഗായത്രി… ഗായു ന്ന് വിളിക്കും.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നഴ്സറി മുതൽ പ്ലസ് ടു വരെ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. അത് കഴിഞ്ഞ് ഞാൻ ഡിഗ്രിക്കും ഇവൾ ടിടിസി ക്കും പോയി.. ഇവളിപ്പോ ഇവിടെ അടുത്തൊരു സ്കൂളിൽ ടീച്ചറാ.. “ദേവു ഗായുവിനെ ചേർത്തുനിർത്തി പറഞ്ഞു.

(കണ്ടാ കണ്ടാ ഇന്നലെ ചോദിച്ചവരോടൊക്കെ ഞാൻ പറഞ്ഞതല്ലേ ഞാനാ വിളിച്ചേന്ന്😜)

മാളു അവളെനോക്കി ചിരിച്ചു.

“നീയെന്താ ദേവൂ ഇങ്ങോട്ട് വരാൻ പറഞ്ഞത്? എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞിട്ട് എന്തിയെ? ”

“നിനക്ക് എന്നെ കണ്ടിട്ട് മനസിലായില്ലേ ഗായൂ? ”
ഗായു അപ്പോഴാണ് ദേവുവിനെ അടിമുടി നോക്കിയത്.. അവളുടെ മാറോടൊട്ടി കിടക്കുന്ന താലിയിലും നെറ്റിയിലെ കുങ്കുമ ചുവപ്പിലും മിഴികൾ പതിഞ്ഞതോടെ ആ മുഖം അത്ഭുതത്താൽ വികസിക്കുന്നത് ദേവു ഒരു കള്ളച്ചിരിയോടെ കണ്ടുനിന്നു..

“എടീ കള്ളീ നീ ഒരുവാക്ക് പോലും പറഞ്ഞില്ലല്ലോ “ഗായു നോവിക്കാതെ ദേവുവിന്റെ കവിളിൽ പിടിച്ചുവലിച്ചു.

“നിന്നെ നേരിട്ട് വന്നു കണ്ടു ഞെട്ടിക്കാമെന്നു വിചാരിച്ചു.. ”

“കുറുമ്പി… അതൊക്കെ പോട്ടെ ആരാ ആൾ? ”

ദേവു ഗായുവിനെ പിടിച്ചു മിഥുന്റെ മുന്നിലായി കൊണ്ടുനിർത്തി.

” മീറ്റ് മിസ്റ്റർ മിഥുൻ മാധവൻ തമ്പി… ഇതാണ് എന്റെ ഭർത്താവ്. “പിന്നെ തിരിഞ്ഞു മിഥുനോടായി പറഞ്ഞു

“ഉണ്ണിയേട്ടാ ഇതെന്റെ ബെസ്റ്റ് ഫ്രണ്ട് ഗായത്രി.. ഏട്ടനെ കാണിക്കാൻ ഞാൻ വിളിച്ചു വരുത്തിയതാ. ”
മിഥുൻ അവളെ നോക്കി പുഞ്ചിരിച്ചു. പക്ഷെ അവൾ അവന്റെ വീൽച്ചെയറിലേക്കും ദേവുവിന്റെ മുഖത്തേക്കും നോക്കി. അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസിലായതുപോലെ പറഞ്ഞു.

“ഒരു ആക്‌സിഡന്റ്ന്റെ ബാക്കി പത്രമാണ് ഗായൂ. പക്ഷെ ഏറെത്താമസിയാതെ ഏട്ടൻ എണീറ്റ് നടക്കും. “ദേവുവിന്റെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു .

“അതല്ല ദേവൂ ഈ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. “ഗായു ആലോചിച്ചുകൊണ്ട് പറഞ്ഞു.. പെട്ടെന്നെന്തോ ഓർത്തെന്നപോലെ അവളുടെ മുഖം വിടർന്നു..
.”ദേവൂ ഇതല്ലേ നമ്മളന്നു… ” അവൾ എന്തോ പറയാനാഞ്ഞതും ദേവു അവളെ പിടിച്ചുവലിച്ചു മാറ്റി നിർത്തി. മിഥുനും മാളുവും അതുകണ്ടു പരസ്പരം നോക്കി .

“എന്റെ പൊന്നു ഗായൂ നീ ഒന്നും വിളിച്ചുകൂവല്ലേ. ”

“എടീ അതല്ലേ അന്ന് കലോത്സവത്തിന് നമ്മൾ കണ്ട ചേട്ടൻ. അന്ന് നിന്നെ രക്ഷിച്ചത്? ”

“അത് തന്നെ.. ആൾക്ക് പക്ഷെ എന്നെ ഓർമയില്ല.. അത് ഞാൻ ആണെന്നും അറിയില്ല. ഞാനായിട്ട് പറഞ്ഞോളാം. നീ വിളിച്ചുകൂവി കുളമാക്കരുത്. ”

“മ്മ്മ് മ്മ് നടക്കട്ടെ… ഒടുവിൽ നിന്റെ തപസ്സ് സഫലമായി അല്ലേ? ” ഗായു ദേവുവിനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു.. ദേവു നാണത്തോടെ മുഖം താഴ്ത്തി…

ഗായു ദേവുവിനെ വലിച്ചു മിഥുന്റെ അരികിലായി കൊണ്ടുനിർത്തി. രണ്ടാളെയും നോക്കിയിട്ട് സൂപ്പർ എന്ന് ആംഗ്യം കാണിച്ചു.. അജു കൂടി വന്നതോടെ അവനും ഗായത്രിയെ ദേവു പരിചയപ്പെടുത്തി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ദാ മോനേ ചായ എടുക്ക് ” ഗായുവിന്റെ അമ്മയാണ്… ദേവുവിനെയും കൂട്ടരെയും ഗായു പിടിച്ചപിടിയാലേ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. തോടിന്റെ കുറച്ചു മാറിയാണ് ഗായുവിന്റെ വീട്..

ദേവുവും ഗായുവും പഴംകഥൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ടു മിഥുൻ നോക്കിയിരുന്നു.. കുപ്പിവള പൊട്ടിച്ചിതറും പോലെയുണ്ട് പെണ്ണിന്റെ ചിരി.. മിഥുൻ മനസ്സിലോർത്തു. അതേസമയം തന്നെ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ കാണുമ്പോൾ വിരിയുന്ന ഒരു നുണക്കുഴി ചിരിയും അവന്റെ മനസിലേക്ക് ഓടിവന്നു..അറിയാതെ നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു മിഥുന്.. ദേവുവിൽ നിന്നും കണ്ണെടുത്തു ഉമ്മറത്തെ കിളിക്കൂടിലേക്ക് മിഥുൻ ദൃഷ്ടികൾ പായിച്ചു..

പെട്ടന്നാണ് മുറ്റത്ത്‌ ഒരു ബൈക്ക് വന്നു നിന്നത്. അതിൽ നിന്നും സുമുഖനായ ഒരു യുവാവ് ഉറങ്ങി. അവനെക്കണ്ടതും എല്ലാവരും എഴുന്നേറ്റു.

“എന്റെ ഏട്ടനാണ്. പേര് വിഷ്ണു. ജോലിക്ക് പോയിട്ട് വരുന്ന വഴിയാ. ഇവിടെ സഹകരണ ബാങ്കിലാ “ഗായത്രി പറഞ്ഞു.

അവൻ കയറിവന്നു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. അവരെ കണ്ടു ചോദ്യഭാവത്തിൽ നിന്ന വിഷ്ണുവിനോട് മിഥുനെ ചൂണ്ടി ഗായത്രി പറഞ്ഞു

“ഇത് ദേവുവിന്റെ ഹസ്ബൻഡ് ആണ് ഏട്ടാ.. ഇത് അനിയനും അനിയത്തിയും ”

അവൻ അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും മുഖത്തു വിരിഞ്ഞ ദുഃഖം മിഥുൻ ശ്രെദ്ധിച്ചിരുന്നു. അജുവും അത് ശ്രെദ്ധിച്ചുവെന്നു മിഥുന് മനസിലായി.. വിഷ്ണുവിന്റെ കണ്ണുകൾ ദേവുവിന്റെ താലിയിൽ പതിഞ്ഞു. അവന്റെ കൺകോണിൽ ഒരു നനവ് ഊറിയെങ്കിലും അത് മായ്ച്ചവൻ അവളെനോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. തിരിച്ചൊന്നു പുഞ്ചിരിച്ച ശേഷം അവൾ ഗായുവിന്റെ ഒപ്പം അകത്തേക്ക് നടന്നു കൂടെ മാളുവും… അഞ്ജലിയും അരവിന്ദും വീട്ടിലേക്ക് പോയിരുന്നു.

വിഷ്ണു അജുവിനും മിഥുനും ഒപ്പം ഉമ്മറത്തിരുന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി.

“മിഥുൻ എന്ത് ചെയ്യുന്നു? ” വിഷ്ണു ആണ്.

“പോലീസിൽ ആയിരുന്നു. ഇപ്പൊ ലോങ്ങ്‌ ലീവിൽ ആണ് ”

“ഓഹ്.. അപ്പൊ അജുവോ? ”

“അവൻ ചെറിയ സപ്പ്ലിക്കേഷൻ കോഴ്സ് ആയിട്ട് കറങ്ങി നടക്കുന്നു “മിഥുൻ ചിരിയോടെ പറഞ്ഞു. വിഷ്ണു ചിരിച്ചതും അജു മിഥുനെ നോക്കി
“മൊതലാളി “ന്ന് നീട്ടി വിളിച്ചു..

സംസാരം വീണ്ടും നീണ്ടുപോയി ഒടുവിൽ ദേവികയിൽ എത്തിച്ചേർന്നു.

“മിഥുൻ അവളെ നല്ലോണം നോക്കണം.. വേറെ ആരും ഇല്ല അതിനു. അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലത്ത് അവർ രാജകുമാരിയെ പോലെ നോക്കിയ കുട്ടിയാ അവൾ.. പോലെ അല്ല ശെരിക്കും രാജകുമാരി ആയിരുന്നു അവൾ. “വിഷ്ണു പറഞ്ഞു.

“എടത്തിയെ ഒരുപാട് ഇഷ്ടമായിരുന്നല്ലേ? “അജു ചോദിച്ചതും മിഥുൻ അവനെ ശാസനാ ഭാവത്തിൽ ഒന്ന് നോക്കി.

“അവളെ ആർക്കാ അജൂ ഇഷ്ടമാവാതെ ഇരിക്കുക. ഗായുവിന്റെ സംസാരത്തിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നത് ദേവു ആയിരുന്നു. നന്നായ് പഠിക്കുന്ന, ഡാൻസ് ചെയ്യുന്ന, കൈപുണ്യമുള്ള, കഥകൾ കുറിക്കുന്ന, സുന്ദരിയായ ദേവു. പിന്നെ എപ്പോഴോ അവൾ മനസിൽ കയറിക്കൂടി. പക്ഷെ ഇഷ്ടം പറഞ്ഞപ്പോഴേക്കും അവൾക്ക് വേറെ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞു. എന്നെ ഒഴിവാക്കാൻ വെറുതെ പറഞ്ഞതാണെന്ന കരുതിയത്. പക്ഷെ പിന്നെ ഗായു പറഞ്ഞു അവൾ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള പേരുപോലും അറിയാത്ത ഒരുത്തനെ കാത്തിരിക്കുകയാണെന്ന്. ആദ്യം എനിക്കതൊരു വട്ടായി തോന്നിയെങ്കിലും അവളുടെ എഴുത്തുകളിൽ എല്ലാം നിറഞ്ഞുനിന്നത് ഒരു ഗന്ധർവ്വൻ ആയിരുന്നു. ആ ഗന്ധർവന് ഒരിക്കലും എന്റെ ഛായ ഉണ്ടായിരുന്നില്ല. മിഥുൻ ആയിരുന്നു ല്ലേ ആ ഗന്ധർവ്വൻ? ” വിഷ്ണു ചോദിച്ചു..

മിഥുന് അപ്പോൾ അത് സമ്മതിക്കാനാണ് തോന്നിയത്. അവൻ തലയാട്ടി.
“യൂ ആർ വെരി ലക്കി ടു ഹാവ് ഹെർ. അവസാനം അവൾക്ക് സ്നേഹിച്ചയാളെ തന്നെ കിട്ടിയല്ലോ ” വിഷ്ണു പറഞ്ഞു.

മിഥുന്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു. അവൾക്കൊരാളെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിന് ഈ വിവാഹം? അതേസമയം തന്നെ അവന്റെ മനസും ഉത്തരം നൽകി താൻ തന്നെയല്ലേ അവളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചത്? അവനു അവനോട് തന്നെ പുച്ഛം തോന്നി. ശേ ഒരു പെൺകുട്ടിയുടെ ജീവിതം താൻ നശിപ്പിച്ചു എന്ന തോന്നൽ അവനിൽ ഉയർന്നത് അപ്പോഴായിരുന്നു.

എത്രയും വേഗം അവളെ ഈ താലിയുടെ കുരുക്കിൽ നിന്നു രക്ഷിക്കണം. അവൾ സ്നേഹിക്കുന്നയാളെ കണ്ടുപിടിച്ചു അവനെ ഏൽപ്പിക്കണം . എനിക്ക് വേണ്ടി ചെയ്ത ത്യാഗത്തിനു പ്രത്യുപകാരമായി അവളാഗ്രഹിച്ച ജീവിതം അവൾക്ക് നേടികൊടുക്കണം. മിഥുൻ മനസ്സിലുറപ്പിച്ചു.

അൽപനേരം കഴിഞ്ഞതും അവർ അവിടെനിന്നു യാത്ര പറഞ്ഞിറങ്ങി. പോകുന്നവഴിയിൽ ഉടനീളം പരിചയക്കാർ വന്നു ദേവുവിനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു.. അവളോടുള്ള സ്നേഹം മുഴുവൻ എല്ലാവരും മിഥുനോടും കാണിച്ചു. ഒരു പുഞ്ചിരിയോടെ ഇതെല്ലാം നോക്കിക്കണ്ടു മാളുവും അജുവിന്റെ കയ്യിൽത്തൂങ്ങി അവർക്കൊപ്പം നടന്നു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രി അത്താഴമെല്ലാം കഴിഞ്ഞ് എല്ലാവരും കൂടി തിണ്ണയിൽ സംസാരിക്കാൻ ഇരുന്നു. വയലിൽ നിന്നു വരുന്ന കാറ്റ് കുളിരേകി കടന്നുപോയി.

“നമുക്ക് സിനിമാപ്പേര് കളിക്കാം? ”

അരവിന്ദാണ്. എല്ലാവരും സമ്മതിച്ചതോടെ ഗെയിം തുടങ്ങി. ഒരാൾ പറഞ്ഞുവെച്ച സിനിമാപ്പേരിന്റെ അവസാനത്തെ അക്ഷരത്തിൽ നിന്നു അടുത്തയാൾ പറയണം അതാണ്‌ ഗെയിം..

കളി മുന്നോട്ട് പോകുന്തോറും കയ്യിലുള്ള സിനിമാപ്പേരുകളുടെ സ്റ്റോക്കും തീർന്നുകൊണ്ടിരുന്നു . ഒരിക്കൽ പറഞ്ഞ പേര് പിന്നെ പറയാനും പാടില്ല. അപ്പോഴാണ് അജുവിന്‌ ക എന്ന അക്ഷരം കിട്ടിയത്..
രണ്ട് നിമിഷം ആലോചിച്ചതിനുശേഷം അജു പറഞ്ഞു കിംഗ്..

ഉടനെ അഞ്ജലി ചാടിപ്പറഞ്ഞു “അയ്യേ അത് കിംഗ് ന്നല്ല.. ദി കിംഗ് ന്നാ. അജുവേട്ടൻ കള്ളക്കളിയാ ” അജു ഇളിച്ചുപിടിച്ചു അവിടെ ഇരുന്നു..

“നിന്റെ കള്ളത്തരം ഒന്നും പിള്ളേരോട് നടക്കൂല്ല അജൂ “മിഥുൻ ഒരു ചിരിയോടെ പറഞ്ഞു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അങ്ങനെ കളിയും ചിരിയുമായി ആ രാത്രി കടന്നുപോയി. അടുത്ത ദിവസം രാവിലെ തന്നെ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ പോയി ദേവു തൊഴുതു വന്നു. കൂട്ടത്തിൽ മിഥുന് വേണ്ടി വഴിപാടുകളും നടത്തി.

വന്നയുടനെ ചെറിയച്ഛനും ചെറിയമ്മക്കും അവൾ ചന്ദനം തൊട്ടുകൊടുത്തു. ചെറിയച്ചനൊപ്പം ഉമ്മറത്തിരുന്ന മിഥുന്റെ നെറ്റിയിലും ചന്ദനം ചാർത്തിയ ശേഷം ഇലച്ചീന്തിൽ നിന്നു ഒരു രുദ്രാക്ഷമാല പുറത്തെടുത്തവൾ മിഥുനെ അണിയിച്ചു . അതിന്റെ ലോക്കറ്റിൽ ഓം എഴുതിയിരുന്നു..

ഉണരാതെ കിടന്ന അജുവിനെയും മാളുവിനെയും ദേവു ഒരുവിധത്തിൽ എഴുന്നേൽപ്പിച്ചു. ഉച്ചയോടെ അവർ കോട്ടയത്തേക്ക് തിരിക്കാനായി ഇറങ്ങി. ചെറിയമ്മ വിതുമ്പിയതും ദേവു അവരെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു . ചെറിയച്ഛൻ അവളെ നെറുകിൽ തലോടി ആശീർവദിച്ചു.

അജു ഡ്രൈവർ സീറ്റിലും മിഥുൻ കോഡ്രൈവർ സീറ്റിലും ആയിരുന്നു . മാളുവിനൊപ്പം ദേവുവും കയറി.. വണ്ടി എടുക്കാൻ തുടങ്ങിയതും അകത്തെ മുറിയിൽ നിന്നു അഞ്ജലി ധൃതിവെച്ചു ഓടിവന്നു മിഥുൻ ഇരുന്ന സൈഡിലെ ഡോറിനരികിൽ നിന്നു.. കയ്യിലൊളിപ്പിച്ച സമ്മാനം അഞ്ജലി മിഥുന് നേരെ നീട്ടി.
മിഥുൻ നിറഞ്ഞ ചിരിയോടെ അത് വാങ്ങി .. പല നിറങ്ങളിൽ മുത്തുകളും തൂവലുകളും നൂലുകളും പിടിപ്പിച്ച ഒരു ഡ്രീം ക്യാച്ചർ ആയിരുന്നു അത്..

“താങ്ക്യൂ മോളെ.. ഇത് സൂപ്പർ ആയിട്ടുണ്ട് ട്ടോ ” മിഥുൻ അവളെ അഭിനന്ദിച്ചു. അഞ്ജലി ചിരിയോടെ നിന്നു. മിഥുൻ അത് കയ്യിലെടുത്തു കാറിന്റെ ഫ്രണ്ടിൽ തൂക്കി.
ഒടുവിൽ അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി..

കോട്ടയത്തു എത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു.. വീട്ടിലെത്തിയതും അവരെ കാത്ത് രണ്ട് അതിഥികൾ ഉണ്ടായിരുന്നു..

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 12

മിഥുനം: ഭാഗം 13

മിഥുനം: ഭാഗം 14

Share this story