ഓൺലൈൻ പെയ്ഡ് ഗെയിം നിരോധനം: MPL കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ; 60% ജീവനക്കാരെയും ഒഴിവാക്കും

ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ മൊബൈൽ പ്രീമിയർ ലീഗ് (MPL) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. കേന്ദ്രസർക്കാർ അടുത്തിടെ കൊണ്ടുവന്ന പെയ്ഡ് ഓൺലൈൻ ഗെയിമുകൾക്കുള്ള നിരോധനമാണ് ഈ നീക്കത്തിന് പിന്നിൽ. കമ്പനിയിലെ 60 ശതമാനം ജീവനക്കാരെയും ഒഴിവാക്കാനാണ് MPL-ന്റെ തീരുമാനം. ഇതോടെ ഇന്ത്യയിലെ ഏകദേശം 300 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിയമം, സാമ്പത്തിക നഷ്ടവും യുവാക്കൾക്കിടയിലെ ആസക്തിയും തടയുക എന്ന ലക്ഷ്യത്തോടെയാണ് പെയ്ഡ് ഗെയിമുകൾ നിരോധിച്ചത്. ഇതോടെ, MPL ഉൾപ്പെടെയുള്ള പല പ്രമുഖ കമ്പനികൾക്കും അവരുടെ പ്രധാന വരുമാന മാർഗം നഷ്ടമായി. ഈ സാഹചര്യത്തിൽ കമ്പനി, യു.എസ്. വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സൌജന്യ ഗെയിമുകൾ മാത്രം നൽകാനും തീരുമാനിച്ചു.
തങ്ങളുടെ ഇന്ത്യയിലെ വരുമാനത്തിന്റെ 50 ശതമാനവും പെയ്ഡ് ഗെയിമുകളിൽ നിന്നാണ് ലഭിച്ചിരുന്നതെന്ന് കമ്പനി സി.ഇ.ഒ. സായ് ശ്രീനിവാസ് ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ സൂചിപ്പിച്ചു. ഈ മാറ്റം കമ്പനിയുടെ സാമ്പത്തിക ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ ഈ ദുഷ്കരമായ ഘട്ടത്തിൽ, പിരിച്ചുവിടുന്ന ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് MPL ഉറപ്പുനൽകിയിട്ടുണ്ട്.