ഓപ്പറേഷൻ സിന്ദൂർ,;,തീവ്രവാദത്തിനെതിരെ യുള്ള മാനവരാശിയുടെ പോരാട്ടത്തിലെ മാതൃക: രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാഷ്ട്രപതി ദ്രൗപദി മുർമു ഓപ്പറേഷൻ സിന്ദൂരിനെ തീവ്രവാദത്തിനെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിലെ ഒരു ഉദാഹരണമായി വിശേഷിപ്പിച്ചു. രാജ്യത്തെ സംരക്ഷിക്കാൻ നമ്മുടെ സൈന്യം എപ്പോഴും സജ്ജരാണെന്ന് ഈ സൈനിക നടപടി തെളിയിച്ചതായി അവർ പറഞ്ഞു.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഷ്ട്രപതി, പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ ഭീരുത്വവും മനുഷ്യത്വരഹിതവുമാണെന്ന് അപലപിച്ചു. ഈ ആക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂരെന്നും, ഇത് ദൃഢനിശ്ചയത്തോടെയും നിർണായകമായും നടപ്പാക്കിയതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ ഒരു ഉദാഹരണമാണെന്നും, ഈ വിജയം രാജ്യത്തിന്റെ സൈനിക ശക്തിയെയും രാഷ്ട്രീയ ഇച്ഛാശക്തിയെയും പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ നിലപാട് ശ്രദ്ധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വിഭജനം പോലുള്ള ദുരിതങ്ങൾ മറക്കരുതെന്നും, എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലെ നിർണായക പങ്കുവഹിച്ച സൈനികർക്ക് ധീരതയ്ക്കുള്ള മെഡലുകൾ നൽകി ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.