ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയിൽ ആലുവ രാജഗിരി ആശുപത്രിക്കെതിരെ കേസ്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശി ബിജുവാണ്(54) മരിച്ചത്. നടുവേദനയെ തുടർന്നാണ് ബിജു കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായത്.
ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടാകുകയും ഇത് മരണത്തിലേക്ക് നയിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതായി ഡോക്ടർ പറഞ്ഞുവെന്ന് സഹോദരൻ ബിനു പറയുന്നു. ഡിസ്‌കിൽ ഞരമ്പ് കയറിയതായിരുന്നു നടുവേദനക്ക് കാരണം
ജൂൺ 25നാണ് രാജഗിരി ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. 27നാണ് കീഹോൾ ശസ്ത്രക്രിയ നടത്തുന്നത്. അന്ന് തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാൽ വയറ് വേദനയുള്ളതായി ബിജു പറഞ്ഞു. തുടർന്ന് ഗ്യാസ്‌ട്രോ ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകി.
തൊട്ടടുത്ത ദിവസം രാവിലെ ന്യൂറോ സർജൻ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാൽ നടക്കാൻ നിർദേശിച്ചു. എന്നാൽ ബിജു തളർന്നുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. 28ന് മറ്റൊരു ശസ്ത്രക്രിയ നടത്തി. പിന്നാലെ ഇന്നലെ ബിജു മരിച്ചെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ആരോപണം ആശുപത്രി അധികൃതർ തള്ളി.