Kerala
പികെ ശശി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗം; നടപടി സ്ഥിരീകരിക്കാതെ എംവി ഗോവിന്ദൻ
പികെ ശശിക്കെതിരായ പാർട്ടി നടപടി സ്ഥിരീകരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശശിക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും അത്തരം വാർത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം ശശിക്കുണ്ടോ എന്നറിയില്ല.
രാജി വെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനമാണ്. പികെ ശശി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സാധാരണ ഗതിയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരായ നടപടി സ്ഥിരീകരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ശശിയുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.