യെല്ലോ ലൈൻ ഉദ്ഘാടനത്തിന് ശേഷം വിദ്യാർത്ഥികൾക്കൊപ്പം മെട്രോ യാത്ര ചെയ്ത് പ്രധാനമന്ത്രിയും സിദ്ധരാമയ്യയും

ബംഗളൂരു: ബംഗളൂരു മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളോടൊപ്പം മെട്രോയിൽ യാത്ര ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രധാനമന്ത്രിക്കൊപ്പം യാത്രയിൽ പങ്കെടുത്തു.
രാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തത്. ചടങ്ങിന് ശേഷം അദ്ദേഹം വിദ്യാർത്ഥികളുമായും മെട്രോ ജീവനക്കാരുമായും സംവദിച്ചു. മെട്രോ യാത്രക്കിടെ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി അവരുടെ പഠനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കൂടാതെ, യാത്രാവിവരം പങ്കുവെച്ച് പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.
റയിൽവേ വികസനത്തിന് ഊന്നൽ നൽകുന്നതിനായി കർണാടകയിൽ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 7,160 കോടി രൂപ ചെലവിൽ നിർമ്മിച്ച യെല്ലോ ലൈൻ ആർ.വി. റോഡിനെയും (രാഗിഗുഡ്ഡ) ബൊമ്മസാന്ദ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 16 സ്റ്റേഷനുകളുള്ള ഈ പാത ബെംഗളൂരു നഗരത്തിലെ ഐ.ടി. ഹബ്ബുകളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ സഹായിക്കും.
യെല്ലോ ലൈനിന്റെ ഉദ്ഘാടനത്തോടെ ബംഗളൂരു മെട്രോ ശൃംഖലയുടെ ആകെ നീളം 96 കിലോമീറ്ററായി. ഇത് ഡൽഹിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശൃംഖലയായി മാറി. നാളെ രാവിലെ 5 മണി മുതൽ പൊതുജനങ്ങൾക്കായി യെല്ലോ ലൈൻ മെട്രോ തുറന്നു കൊടുക്കും.