Kerala

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; പ്രതികളായ അഞ്ച് വിദ്യാർഥികളുടെയും തുടർ പഠനം വിലക്കും

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിംഗിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം വിലക്കും. നഴ്‌സിംഗ് കൗൺസിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നഴ്‌സിംഗ് കൗൺസിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷനിൽ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സസ്‌പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പീഡനത്തിനിരയായ വിദ്യാർഥിയുടെ പിറന്നാളാണിന് ചെലവ് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പീഡനം. ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പൽ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസർ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!