അപൂര്‍വമായ സിദ്ര്‍ തേന്‍ സഊദി വിദേശത്തേക്ക് കയറ്റിയയച്ചു; 1.6 ലക്ഷം പൂക്കളില്‍നിന്ന് ലഭിക്കുന്നത് ഒരു കിലോഗ്രാം തേന്‍
റിയാദ്: ഔഷധഗുണങ്ങളാല്‍ സമൃദ്ധവും സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും ശേഖരിക്കപ്പെടുന്നതുമായ അപൂര്‍വ തേന്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് സഊദി. ജിസാന്‍ മേഖലയിലെ അസീര്‍ പ്രദേശത്തുനിന്നാണ് കിലോഗ്രാമിന് 350 റിയാല്‍ മുതല്‍ 500 റിയാല്‍വരെ(7,000 മുതല്‍ 11,000 ഇന്ത്യന്‍ രൂപ) വിലവരുന്ന തേന്‍ ലഭിക്കുന്നത്. രണ്ടാഴ്ചയോളമായി തേന്‍ വിളവെടുപ്പ് ആരംഭിച്ചിട്ട്. തേനിന്റെ ലഭ്യമാവുന്നതിലെ അപൂര്‍വതയും മുന്തിയ ഗുണനിലവാരവുമാണ് വില ഇത്രമാത്രം കൂടാന്‍ കാരണം.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സഊദിയില്‍ അനുഭവപ്പെട്ട പ്രത്യേകിച്ചും അസീല്‍ മേഖലയില്‍ പെയ്ത മഴയാണ് പൂക്കള്‍ വര്‍ധിക്കാനും തേന്‍ ശേഖരണം പാരമ്യത്തിലെത്താനും ഇടയാക്കിയത്. സഊദി ആദ്യമായാണ് സിദ്ര്‍ തേന്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നത്. സാധാരണ ആഭ്യന്തര ആവശ്യത്തിനുപോലും തികയാത്ത സ്ഥിതിയായിരുന്നു. 1.6 ലക്ഷം സിദ്ര്‍ പൂക്കളില്‍ തേനീച്ചകള്‍ എത്തിവേണം ഒരു കിലോഗ്രാം തേനിനായുള്ള പൂമ്പൊടി ശേഖരിക്കാന്‍. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ അപൂര്‍വ തേന്‍.