രത്തന്‍ ടാറ്റയെന്ന ലാളിത്യത്തിന്റെ പര്യായം മനു റഹ്മാന്
മുംബൈ: ആയിരക്കണക്കിന് കോടികള്‍ പൊടിപൊടിച്ച് ലോകത്തിലെ ഏറ്റവും പണം ചെലവഴിച്ച കല്ല്യാണം നടത്തിയും സ്വന്തം അത്യാഢംബര കാറുകള്‍ പാര്ക്കുചെയ്യാന് അനേകം നിലകളുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിച്ചുമെല്ലാമാണ് നമ്മുടെ ബിസിനസുകാരായ ശതകോടീശ്വരന്മാരെല്ലാം ജീവിതം ആഘോഷമാക്കാറും സാധാരണ മനുഷ്യരെ അമ്പരപ്പിക്കാറും. ഇത് കണ്ട് കണ്ണുതള്ളി ഒരുകൂട്ടം ദരിന്ദ്രനാരായണന്മാരും ജീവിക്കുന്നു. ഇവരുടെ ജീവിതത്തിന്റെ ആര്‍ഭാഢങ്ങളില്‍ കണ്ണുമഞ്ഞളിച്ച് അവയെക്കുറിച്ച് പേര്‍ത്തുംപേര്‍ത്തും പറഞ്ഞുകൊണ്ട് കഴിഞ്ഞുകൂടേണ്ട കുറേ ജന്മങ്ങള്.
ഇത്തരം കോടീശ്വരന്മാര്ക്കൊന്നും ചേരുന്ന പേരല്ല ടാറ്റാ സാമ്രാജ്യത്തെ വിജയകരമായി പതിറ്റാണ്ടുകളോളം നയിച്ച രത്തന്‍ ടാറ്റയെന്ന നാമം. ഏതൊരു മനുഷ്യനും ആഴ്ന്നുമുങ്ങിയാല് എത്ര വേണമെങ്കിലും പഠിക്കാവുന്ന ഒരു പാഠശാലയായിരുന്നു ആ മനുഷ്യന്. ആരായിരിക്കണം എങ്ങനെയായിരിക്കണം ഒരു ബിസിനസുകാരന് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു രത്തന്‍ ടാറ്റയെന്ന് ഒറ്റവാക്കില്‍ പറയാം.
കാഴ്ചക്ക് യാതൊരു ആഡംബരങ്ങളുമില്ലാത്ത വീട്ടില്‍, തന്റെ വളര്‍ത്തുമൃഗങ്ങളേയും ലാളിച്ചായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുവേളകള്‍ മിക്കപ്പോഴും കടന്നുപോയത്. പ്രത്യേകിച്ചും അവസാന കാലത്തെ ദിനങ്ങളെല്ലാം. ജീവകാരുണ്യത്തിനായി ശതകോടികള്‍ മാറ്റി വെച്ച, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകുകയും 10 ലക്ഷത്തോളം പേര്‍ക്ക് ലോകം മുഴുവന്‍ തൊഴില്‍ നല്‍കുകയും ചെയ്ത ഒരു മനുഷ്യനാണോ ഇതെന്ന് ഏവരും അത്ഭുതം കൂറിയേക്കാം. തന്റെ നാനോ കാറിലോ, ഇന്ഡിക്കയിലോ മുംബൈയിലെ തെരുവിലൂടെ ഈ മനുഷ്യന് ഇനി കടന്നുപോകില്ല. പക്ഷേ ആ കാഴ്ചക്ക് സാക്ഷിയായവരും പത്രദൃശ്യമാധ്യമങ്ങളിലൂടെ ആ കാഴ്ച കണ്ടവരും ഒരിക്കലും അത് മറക്കില്ലെന്ന് തീര്‍ച്ച.
ആഗോള തലത്തില്‍ തന്നെ ഇത്രയുമധികം ആദരവും ബഹുമാനവും സ്നേഹവുമെല്ലാം നേടിയ ഇന്ത്യക്കാരനായ ഒരു ബിസിനസുകാരന് വേറെയില്ലെന്ന് പറയാം. ഐതിഹാസികമായ തന്റെ ജീവിതത്തില്‍ ധാരാളം ത്രസിപ്പിക്കുന്ന സംഭവങ്ങള്‍ക്കും അദ്ദേഹം സാക്ഷിയായിട്ടുണ്ട്. നിര്‍ഭയത്വംകൊണ്ടും സഹജീവി സ്നേഹം കൊണ്ടും സമാനതകളില്ലാത്ത മനുഷ്യസ്പര്‍ശിയായ കഥകള്‍ നെയ്ത ഒരു മനുഷ്യന് നമ്മുടെ സിനിമാ നായകരെപ്പോലെ ഹീറോയായി മാറിയ കഥകളും അതിലുണ്ട്.
ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി രത്തന്‍ ടാറ്റ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലത്തായിരുന്നു ഒരു ഗുണ്ട തലവേദനയായത്. തന്റെ സ്ഥാപനത്തിലെ തൊഴിലാളി യൂണിയനിലും ഒപ്പം ആ പ്രദേശത്തെ പോലീസിലുമെല്ലാം സ്വാധീനമുണ്ടായിരുന്ന ഒരു കിടിലന്‍ ഗുണ്ട രത്തന്‍ ടാറ്റയെ എതിര്‍ക്കാന്‍ എത്തി. കമ്പനിയുടെ നിയന്ത്രണം നേടുകയെന്നതായിരുന്ന അയാളുടെ മനസ്സിലിരുപ്പ്. ചെയര്‍മാനെ ഭയപ്പെടുത്താനായി ടാറ്റ കമ്പനിയിലെ ഒരു ജീവനക്കാരനെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും സമരത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. വിരണ്ടുപോയ ജീവനക്കാര്‍ കമ്പനിയുടെ വഴിയിലൂടെപോലും പിന്നെ വന്നില്ല. രത്തന്‍ ടാറ്റ കമ്പനിയില്‍ താമസിച്ചാണ് ആ വെല്ലുവിളിയെ വിജയകരമായി നേരിട്ടത്.
ടാറ്റയ്ക്ക് കീഴിലുള്ള സുപ്രസിദ്ധമായ താജ് ഹോട്ടലിന്റെ കവാടങ്ങള്‍ എല്ലായ്പ്പോഴും തെരുവുനായ്ക്കള്‍ക്കായി തുറന്നുവെക്കാന്‍ അദ്ദേഹം ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. തെരുവ് നായ്ക്കളെ നന്നായി പരിചരിക്കണമെന്ന കര്‍ശന നിര്‍ദേശം രത്തന്‍ ടാറ്റ നല്കിയ കഥയും ജീവനക്കാര്‍ അനുസ്മരിക്കാറുണ്ട്.
മഴയില്‍ നനഞ്ഞൊലിച്ച് ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചത് കാണാനിടയായതാണ് രത്തന്‍ ടാറ്റയെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള കാറെന്ന ആശയത്തിലേക്കു നയിച്ചത്. ഒരു ലക്ഷം രൂപക്ക് ഒരു കാര്‍ എന്ന നാനോയുടെ പിറവി അങ്ങനെയായിരുന്നു. ഒരു കാലത്ത് ടാറ്റയെക്കുറിച്ച് ബോധ്യമില്ലാതെ ചെറിയ കമ്പനി എന്നു പറഞ്ഞു ആഗോള ഓട്ടോമോബൈല്‍ ഭീമനായ ഫോര്‍ഡ് പരിഹസിച്ചതിലുള്ള മധുരപ്രതികാരമായിരുന്നു ഫോര്‍ഡില്‍ നിന്ന് ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ എന്ന കമ്പനിയെ ഏറ്റെടുക്കുന്നതിലേക്കു നയിച്ചത്. ഈ കഥ രത്തന്‍ ടാറ്റയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം ഇന്ത്യക്കാരെ എന്നും രോമാഞ്ചം കൊള്ളിക്കുമെന്ന് തീര്‍ച്ച.
മനുഷ്യനോടൊപ്പം മൃഗങ്ങളോടും അതീവ വാത്സല്യവും കരുണയും പ്രകടമാക്കിയിരുന്ന ടാറ്റയുടെ അധിപന് ചാള്‍സ് രാജകുമാരനുമായി നിശ്ചയിച്ച ഒരു കൂടിക്കാഴ്ച 2018ല്‍ റദ്ദാക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാറുള്ള ബ്രീട്ടീഷ് ഏഷ്യ ട്രസ്റ്റിന്റെ പുരസ്കാരച്ചടങ്ങായിരുന്നു അത്. തന്റെ അരുമകളായ നായകളില്‍ ഒന്നിന് അസുഖം ബാധിച്ചതിനാലാണ് അന്ന് ആ ചടങ്ങില്‍ രത്തന്‍ ടാറ്റ പങ്കെടുക്കാതിരുന്നതും ചാള്‍സില്‍നിന്നും ആ പരുസ്കാരം സ്വീകരിക്കാതിരിക്കുന്നതിനും പിന്നില്‍.