ഇന്ത്യൻ കരുത്ത് തിരിച്ചറിഞ്ഞു; ‘ബ്രഹ്മോസി’നായി സമീപിച്ച് രാജ്യങ്ങൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നതായി റിപ്പോർട്ട്. ബ്രഹ്മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത് ഫിലിപ്പീൻസ് ആണ്.
ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തോടെ തദ്ദേശീയമായി നിർമിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നിൽ വ്യക്തമായതായാണ് വിലയിരുത്തൽ. ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, ബ്രസീൽ, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്.
2022-ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവെച്ചത്. തുടർന്ന് 2024 ഏപ്രിലിൽ ആദ്യഘട്ടം മിസൈലുകൾ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.
ഇന്ത്യയുടെ സമീപകാലത്തെ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർത്ത് തരിപ്പണമാക്കിയതിൽ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങൾ തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ കൈയ്യിലുള്ള ആയുധങ്ങളിൽ സുപ്രധാനമാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലെപ്‌മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റേയും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയുടേയും സംയുക്തസംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാനസ്ഥാനമാണ് ബ്രഹ്‌മോസ് മിസൈലിനുള്ളത്. 2007 മുതല്‍ അതിവേഗ ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധശ്രേണിയുടെ ഭാഗമാണ്.