റിയാദ് മെട്രോ സര്‍വിസ് സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു
റിയാദ്: സഊദി തലസ്ഥാനത്തിന്റെ ഗാതഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോ സര്‍വിസിന്റെ ഉദ്ഘാടനം സല്‍മാന്‍ രാജാവ് നിര്‍വഹിച്ചതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. നഗരത്തിന്റെ ഗതാഗതത്തിലെ നട്ടെല്ലായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെയാണ് സല്‍മാന്‍ രാജാവ് ഏറെ കാലമായി കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മെട്രോ പദ്ധതിയെ പരിചയപ്പെടുത്തുന്ന ഫിലിം സല്‍മാന്‍ രാജാവ് വീക്ഷിച്ചു. വേറിട്ട രൂപകല്‍പനയും സാങ്കേതികമായ മികവുമെല്ലാം അദ്ദേഹത്തിന് ഫിലിമിലൂടെ ബോധ്യപ്പെട്ടതായാണ് വിവരം. 176 കിലോമീറ്ററാണ് മെട്രോ പാതയുടെ ആകെ നീളം. റിയാദ് ഉള്‍പ്പെടെ നാലു മുഖ്യസ്റ്റേഷനുകള്‍ അടക്കം 85 സ്റ്റേഷനുകളാണുള്ളത്. ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക.
സല്‍മാന്‍ രാജാവിന്റെ ദീര്‍ഘവീക്ഷണമാണ് മെട്രോ സര്‍വിസെന്ന് സഊദി രാജകുമാരന്‍ പറഞ്ഞു. റിയാദ് ഡെവലപ്‌മെന്റ് ഹൈകമ്മിഷന്‍ ചെയര്‍മാന്‍ ആയിരിക്കേയാണ് ഇത്തരത്തില്‍ ഒരു ദീര്‍ഘവീക്ഷണമുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതെന്നും അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും രാജകുമാരന്‍ ഓര്‍മിപ്പിച്ചു.