Gulf

സായിദ് ചാരിറ്റി റണ്‍; രജിസ്‌ട്രേഷന്‍ 9,000 കടന്നു

അബുദാബി: 23ാമത് സായിദ് ചാരിറ്റി റണ്ണിന്റെ രജീസ്‌ട്രേഷന്‍ 9,000 കടന്നതായി സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച എര്‍ത്ത അബുദാബിയില്‍ നടക്കുന്ന കൂട്ടയോട്ടത്തിന്റെ രക്ഷാകര്‍തൃത്വം അല്‍ ദഫ്‌റ മേഖലയിലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നാഹ്‌യാനാണ്. പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും വന്‍ ജനപങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സംഘാടക സമിതി ചെയര്‍മാന്‍ ലഫ്. ജനറല്‍(റിട്ട.) മുഹമ്മദ് ഹിലാല്‍ അല്‍ കആബി വ്യക്തമാക്കി.

വിവിധ പ്രായക്കാരാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. 15 ലക്ഷം ദിര്‍ഹമാണ് വിജയികളെ കാത്തിരിക്കുന്നത്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനുള്ള ബോധവത്കരണത്തിനായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ശനിയാഴ്ച രാവിലെ ഏഴിനാണ് പീപിള്‍ ഓഫ് ഡിറ്റേര്‍മിനേഷന്‍ വിഭാഗത്തിലെ 10 കിലോമീറ്റര്‍ മത്സരം ആരംഭിക്കുക. 7.05ന് 10 കിലോമീറ്റര്‍ പ്രൊഫഷണല്‍ റേസും ആരംഭിക്കും. വിജയികള്‍ക്കായുള്ള പുരസ്‌കാരദാന ചടങ്ങ് ഒന്‍പതിന് നടക്കും. പാര്‍ക്കിങ് ആന്റ് ഷട്ടില്‍ സര്‍വിസ് പുലര്‍ച്ചെ നാലു മുതല്‍ അഞ്ചരവരെ വാഹത് അല്‍ കറാമയില്‍നിന്നും നാലു മുതല്‍ ആറുവരെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍നിന്നും ഉണ്ടായിരിക്കും. കൃത്യം ആറുമണിയായാല്‍ റോഡുകള്‍ അടച്ചിടും. റേസിനുള്ള പാക്കറ്റുകള്‍ ഇന്നു മുതല്‍ വെള്ളിയാഴ്ചവരെ എര്‍ത് അബുദാബിയില്‍നിന്നും രാവിലെ അഞ്ചു മതുല്‍ രാത്രി 10 വരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button