മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയില്ലെന്ന് സമസ്ത; ഇറങ്ങിപ്പോയതാണെന്ന് ബഹാവുദ്ധീന്‍ നദ്‌വി
സമസ്തയിലെ പോര് മുറുകുന്നു
മുക്കം ഉമര്‍ ഫൈസിയുമായി ബന്ധപ്പെട്ട പരാതി ചര്‍ച്ച ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ജിഫ്രി തങ്ങള്‍ ചര്‍ച്ച തീരും മുമ്പ് മുശാവറയില്‍ നിന്ന് ഇറങ്ങിപോയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഈ വര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മുശാവറയുടെ വിശദീകരണം പുറത്തുവരികയായിരുന്നു. വാര്‍ത്ത കുറിപ്പിലൂടെയാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
യോഗം ഉച്ചയ്ക്ക് 1.30 വരെ നീണ്ടതോടെ സമയക്കുറവ് മൂലം മറ്റ് അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു പ്രത്യേക യോഗം ചേരാന്‍ നിശ്ചയിക്കുകയാണ് ഉണ്ടായതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പത്രകുറിപ്പില്‍ വിശദീകരിച്ചു. യോഗ തീരുമാനങ്ങള്‍ കൃത്യമായി മാധ്യമങ്ങളെ തത്സമയം തന്നെ അറിയിച്ചിരുന്നു. യോഗം സംബന്ധിച്ച വിവരങ്ങള്‍ പത്രക്കുറിപ്പായും നല്‍കിയിട്ടുണ്ട്. തെറ്റായ വാര്‍ത്തകളില്‍ ആരും വഞ്ചിതരാകരുതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
എന്നാല്‍, മുശാവറയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ നേതാവ് ബഹാവുദ്ദീന്‍ നദ്‌വി രംഗത്തെത്തി. ഉമര്‍ ഫൈസിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുന്നതിനിടെ അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജിഫ്രി തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ പാണക്കാട് തങ്ങള്‍ക്കെതിരായ ഫൈസിയുടെ പ്രസ്താവനയും ചര്‍ച്ചക്ക് വന്നു.
എന്നാല്‍, മാറി നില്‍ക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ചയില്‍ താനില്ലെന്നും ഫൈസി വ്യക്തമാക്കുകയായിരുന്നു. ഇതോടെ നദ്‌വി ഇടപെടുകയും അധ്യക്ഷന്‍ പറഞ്ഞാല്‍ കേള്‍ക്കണമെന്ന് ഫൈസിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ രോഷാകുലനായ ഫൈസി നദ് വി യെ കള്ളം പറയുന്ന ആള്‍ എന്ന നിലക്ക് കള്ളന്‍ എന്ന് ഫൈസി ആക്രോശിച്ചു. ഇതോടെ ആ കള്ളന്മാരില്‍ താന്‍ പെടില്ലേയെന്നും ചോദിച്ച് തങ്ങള്‍ വേദി വിടുകയായിരുന്നുവെന്നും നദ് വി വ്യക്തമാക്കി.