റെയില്‍വേ വ്യവസായത്തെ കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കാന്‍ സഊദി ഒരുങ്ങുന്നു
റിയാദ്: രാജ്യത്തെ റെയില്‍വേ മേഖലയെ കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കാനായി സൗദി റെയില്‍വേ കമ്പനി തയാറെടുക്കുന്നു. ഇത് സാധ്യമാക്കാന്‍ പ്രത്യേക പരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് സഊദി റെയില്‍വേ കമ്പനി സിഇഒ ഡോ. ബാഷര്‍ അല്‍ മാലിക് വെളിപ്പെടുത്തി. സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും സൗദി റയില്‍വേ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസറിന്റെ നേതൃത്വത്തില്‍ 20, 21 തീയതികളില്‍ റിയാദില്‍ നടക്കുന്ന സൗദി ഇന്റര്‍നാഷണല്‍ റെയില്‍വേ കോണ്‍ഫറന്‍സിന്റെ ആദ്യ പതിപ്പില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുമെന്നും ഡോ. ബാഷര്‍ വ്യക്തമാക്കി.
സഊദിയുടെ റെയില്‍ മേഖലയില്‍ പ്രാദേശിക ചെലവ് നിരക്ക് 50 ശതമാനത്തിലധികം കൈവരിക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് ഇത് 60 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതികളാണ് പുതുതായി നടപ്പിലാക്കുക. റെയില്‍വേ മേഖലയിലെ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നൂതനാശയങ്ങളും റെയില്‍വേ കോണ്ഫ്രന്സില് വിശദമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.