ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കല്‍ എളുപ്പമാക്കി സഊദി
റിയാദ്: ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മക്കയിലെ വിശുദ്ധ മസ്ജിദ് സന്ദര്‍ശിക്കുന്നതിനുള്ള വഴികള്‍ കൂടുതല്‍ ലളിതമാക്കിയതായി സൗദി. ജിസിസി നിവാസികള്‍ക്ക് ഉംറ തീര്‍ഥാടനം കൂടുതല്‍ എളുപ്പമാക്കുന്നതിനായി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കിയതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ജിസിസി രാജ്യക്കാര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നത് മൂന്ന് വിസ ഓപ്ഷനുകള്‍ ലഭ്യമാണെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലെ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉംറ വിസ ഓപ്ഷനാണ് ഒന്നാമത്തേത്. നുസുക് പ്ലാറ്റ്‌ഫോം (www.nusuk.sa) വഴി ഒരു ഉംറ പാക്കേജ് സ്വന്തമാക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. മറ്റൊരു സംവിധാനം ടൂറിസ്റ്റ് വിസയാണ്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (https://ksavisa.sa) വഴി ടൂറിസ്റ്റ് വിസ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് താമസിച്ചുവരികയും ഉംറ നിര്‍വഹിക്കാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നവരാണെങ്കില്‍, മക്കയും മദീനയും നിങ്ങളുടെ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എക്സിലെ സന്ദേശത്തില്‍ മന്ത്രാലയം പറഞ്ഞു. സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഒന്നിലധികം എളുപ്പവഴികള്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.