ലോക സന്ദർശനത്തിന് ഏഴ് പ്രതിനിധി സംഘങ്ങൾ; രാജ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടെന്ന് കിരൺ റിജിജു

ഏറ്റവും പ്രധാനപ്പെട്ട സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു
ഭീകരതക്കെതിരെ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കും. രാഷ്ട്രീയത്തിന് അതീതമായി ദേശത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടാണ്. ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്. പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്. ഇത് ദേശീയ ദൗത്യമാണ്
രാഷ്ട്രീയ നേതാക്കൾക്ക് പുറമെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും നയതന്ത്രജ്ഞരും പ്രതിനിധികളിലുണ്ടാകും. ഓരോ പ്രതിനിധി സംഘത്തിലും എട്ട് മുതൽ ഒമ്പത് വരെ ആളുകളുണ്ടാകും. അവർ ഓരോരുത്തരും ഏകദേശം അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.