ശ്രീനിവാസൻ വധക്കേസ്: മൂന്ന് പോപുലർ ഫ്രണ്ട് നേതാക്കൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം യഹിയ കോയ തങ്ങൾ, തൃശൂർ ഡിവിഷണൽ സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
എൻഐഎയുടെ എതിർപ്പ് തള്ളിയാണ് സുപ്രീം കോടതി നടപടി. പ്രതികൾക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്നും ഒരു ആശയത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം ജയിലിൽ അടക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ പ്രതികളായ 10 എസ് ഡി പി ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2022 ഏപ്രിൽ 16-നാണ് പാലക്കാട് മേലാമുറിയിൽ വെച്ച് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.