പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. കേസിൽ 1,2,6 പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. . ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2020 ഒക്ടോബറിൽ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന് മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ബലമായത്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്.