
ടെക്സസ്: അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ നാശം വിതച്ച മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. 160-ഓളം പേരെ ഇപ്പോഴും കാണാതായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപ്രതീക്ഷിതമായി വെള്ളം കുതിച്ചുയർന്നതാണ് മരണസംഖ്യ കൂടാൻ കാരണമായത്. ജൂലൈ നാലിലെ അവധി ദിനത്തിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ ഗ്വാഡലൂപ് നദി കരകവിഞ്ഞൊഴുകി നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. കെർ കൗണ്ടിയിലാണ് കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 96 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ദുരന്തബാധിതരെ സഹായിക്കുന്നതിനായി എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ (FEMA) സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന, പ്രാദേശിക അധികാരികളുമായി ചേർന്ന് ഫെഡറൽ ഏജൻസികൾ പ്രവർത്തിക്കുമെന്നും ട്രംപ് അറിയിച്ചു.
കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 2000-ത്തിലധികം വരുന്ന രക്ഷാപ്രവർത്തകരും വോളന്റിയർമാരും ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കെർ കൗണ്ടിയിലെ ഒരു സമ്മർ ക്യാമ്പിൽ നിന്ന് മാത്രം 27 വിദ്യാർത്ഥികളും ജീവനക്കാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത ചൂടും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ ഭയപ്പെടുന്നത്.