World

692 കോടിയുടെ ആസ്തിയുള്ള കോടീശ്വരന്‍ 20 വര്‍ഷം മകനൊപ്പം കഴിഞ്ഞത് ഒരു ചെറു ഫ്‌ളാറ്റില്‍

ബീജിങ്: ലോകം മുഴുവനുമുള്ള മനുഷ്യര്‍ക്ക് ഏത് കാര്യത്തിലായാലും എപ്പോഴും വ്യത്യസ്ത കാഴ്ചപാടായിരിക്കും. ചിലര്‍ക്ക് എത്ര പണമില്ലെങ്കിലും ബേങ്ക് വായ്പയെടുത്തായാലും അടിച്ചുപൊളിച്ചു കഴിയണം. ചിലരാണെങ്കില്‍ ഇട്ടുമൂടാന്‍മാത്രം സ്വത്തുണ്ടെങ്കിലും ഏറ്റവും ലളിതമായി ജീവിക്കും. ചൈനയില്‍നിന്നുള്ള കോടീശ്വരനായ ഴാങ് യുഡോംഗ് ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ്.

ചൈനയിലെ ശതകോടീശ്വരനായ വ്യവസായ പ്രമുഖനായ അദ്ദേഹം തന്റെ സമ്പത്തിനെക്കുറിച്ച് മകനോടുപോലും പറയാതെയാണ് 20 വര്‍ഷത്തോളം അവനൊപ്പം ഒരു ചെറു ഫ്‌ളാറ്റില്‍ ജീവിച്ചത്. കേള്‍ക്കുമ്പോള്‍ ആരും അന്താളിച്ചുപോവും. ഒന്നും രണ്ടു വര്‍ഷമാണോ ആ ജിവിതം നീണ്ടത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പുറത്തുവിട്ട വാര്‍ത്ത വൈറലാവാന്‍ പിന്നെ അധികം സമയമൊന്നും എടുത്തില്ല.

കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ ജീവിച്ച ഴാങ് മകനെ വളര്‍ത്തിയത് പിംഗ്ജിയാങ് കൗണ്ടിയിലെ ഒരു സാധാരണ ഫ്ളാറ്റിലായിരുന്നത്രെ. ഈ ജീവിതത്തിനിടയിലും അദ്ദേഹം മകന് മികച്ച വിദ്യാഭ്യാസം നല്‍കി. പഠന ശേഷം കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി പ്രതിമാസം 6,000 യുവാന്‍ ശമ്പളമുള്ള ഒരു ജോലിക്ക് പോകാന്‍ മകന്‍ ഒരുങ്ങവേയാണ് പിതാവ് തന്റെ അളവറ്റ സമ്രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. എങ്ങനെയുണ്ടാവും അപ്പോള്‍ ആ മകന്റെ മുഖമെന്നു സങ്കല്‍പ്പിച്ചു നോക്കൂ.

ഏകദേശം 692 കോടി രൂപ വാര്‍ഷിക വരുമാനമുള്ള മാലാ പ്രിന്‍സ് എന്ന പ്രശസ്തമായ ഹുനാന്‍ സ്‌പൈസി ഗ്ലൂറ്റന്‍ സ്നാക്ക് ബ്രാന്‍ഡിന്റെ സ്ഥാപകനും, പ്രസിഡന്റുമാണ് ഴാങ് യുഡോംഗ്. തന്റെ വിജയത്തിന്റെ ഫലം കൊയ്യാന്‍ സിലോംഗ് ശരിക്കും കഠിനാധ്വാനം ചെയ്യണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. അതിനാലാണ് 20 വര്‍ഷത്തോളം അദ്ദേഹം തന്റെ സൗഭാഗ്യങ്ങള്‍ വേണ്ടെന്നുവച്ചു മകനൊപ്പം സാധാരണ ജീവിതം നയിച്ചത്. കഥയെല്ലാം പറഞ്ഞ ഴാങ് യുഡോംഗ് മകന്‍ ഴാങ് സിലോംഗിനൊപ്പം 10 മില്യണ്‍ യുവാന്‍ (1.4 മില്യണ്‍ യുഎസ് ഡോളര്‍) വിലയുള്ള പുതുതായി നിര്‍മ്മിച്ച വില്ലയിലേക്ക് ഇപ്പോള്‍ താമസം മാറിയെന്നും ചൈനീസ് മാധ്യമം വെളിപ്പെടുത്തി.

Related Articles

Back to top button