ആത്മകഥ ഇല്ലെന്ന് ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്; വാർത്തക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്.
ആത്മകഥ ഇല്ലെന്ന് ഇ. പി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു വാർത്ത വരുന്നതിനു പിന്നിൽ ആസൂത്രിത നീക്കം ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.വോട്ടിംഗിന് പോകുന്ന ദിവസം ഒരു കഥയുമായി ഇറങ്ങുന്നു. അതിനെ ആസൂത്രിത ഗൂഢാലോചനയായി കരുതണമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ചേലക്കര, പാലക്കാട് തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും.ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണെന്ന് പിന്നീടേ അറിയാൻ കഴിയൂ. പാലക്കാട് സ്ഥാനാർഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിന്റെ നടുവിൽ വരുന്നു. ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.