ഒരാൾക്ക് ഒരു വോട്ടെന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യം അട്ടിമറിക്കപ്പെട്ടു: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് പ്രഹരമേറ്റതായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കൊള്ള നടത്തുന്നതായും രാഹുൽ ആരോപിച്ചു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം ഒരാൾക്ക് ഒരു വോട്ടെന്നതാണ്. അത് അട്ടിമറിക്കപ്പെട്ടു.
വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആയത്. വോട്ടർ പട്ടികയുടെ പൂർണരൂപം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം. വോട്ട് കൊള്ളയ്ക്ക് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരണമാണ്. മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും നാല് മാസം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം ബിജെപിക്കായിരുന്നു
ഒരു കോടി പുതിയ വോട്ടർമാർ മഹാരാഷ്ട്രയിൽ വോട്ട് ചെയ്തു. പുതിയ വോട്ടർമാർ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. പുതിയ ആളുകളുടെ വോട്ടെല്ലാം ബിജെപിക്കാണ് പോയത്. ലോക്‌സഭയിൽ ലഭിച്ച വോട്ട് നിയമസഭയിലും കോൺഗ്രസിന് ലഭിച്ചു. അപ്പോഴാണ് വോട്ടുകൊള്ള നടന്നതായി സംശയം തോന്നിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിൽ കൂടുതൽ ലോക്‌സഭാ സീറ്റിൽ വിജയിക്കേണ്ടതായിരുന്നു. കർണാടകയിൽ കോൺഗ്രസ് തോറ്റതാണോ തോൽപ്പിക്കപ്പെട്ടതാണോയെന്നും രാഹുൽ ചോദിച്ചു.