രാജ്യാന്തര കണ്ടല്‍കാട് സംരക്ഷണ സമ്മേളനത്തിന് 10ന് അബുദാബിയില്‍ തുടക്കമാവും
അബുദാബി: കണ്ടല്‍ക്കാട് സംരക്ഷണത്തിനുള്ള പ്രഥമ ഇന്റെര്‍നാഷ്ണല്‍ മാന്‍ഗ്രോവ്‌സ് കണ്‍സര്‍വേഷന്‍ ആന്‍ റെസ്‌റ്റൊറേഷന്‍ കോണ്‍ഫ്രന്‍സ്(ഐഎംസിആര്‍സി) 10 മുതല്‍ 12 വരെ അബുദാബിയിലെ ബാബ് അല്‍ ഖസര്‍ ഹോട്ടലില്‍ നടക്കും. എഡിഎംഐ(അബുദാബി മാന്‍ഗ്രോവ് ഇനിഷ്യേറ്റീവ്)ക്ക് കീഴില്‍ അബുദാബി പരിസ്ഥിതി ഏജന്‍സിയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
82 രാജ്യങ്ങളില്‍നിന്നായി 96 പ്രഭാഷകരും 468 വിദഗ്ധരും സമ്മേളനത്തില്‍ പങ്കാളികളാവും. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അറിവും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയെന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ലോകത്ത് കണ്ടല്‍ സംരക്ഷണത്തിനായി പിന്തുടരുന്ന ഏറ്റവും മികച്ച മാതൃകകളും സമ്മേളനം ചര്‍ച്ചചെയ്യും. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടുന്നത്.
പ്ലീനറി സെഷന്‍, പാനല്‍ ചര്‍ച്ചകള്‍, ഫീല്‍ഡ് വിസിറ്റ്, വര്‍ക്കിങ് സെഷനുകള്‍ എന്നിവയാണ് പ്രധാനമായും സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്നത്. മറൈന്‍ ഹാബിറേറ്റ് റെസ്റ്റൊറേഷന്‍, ഹാബിറ്റേറ്റ് കണക്ടിവിറ്റി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെല്ലാം സമഗ്രമായി സമ്മേളനം ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.