ചൂടിന്റെ കാഠിന്യം കുറയുമെന്ന പ്രത്യാശ നല്‍കി മാനത്ത് സുഹൈല്‍ നക്ഷത്രം തിളങ്ങി
ദുബൈ: വെന്തുരുകുന്ന ചൂടിന് ആശ്വാസം അധികം ദൂരയല്ലെന്ന സന്ദേശം നല്‍കി യുഎഇയുടെ ആകാശത്തില്‍ സുഹൈല്‍ നക്ഷത്രം ഉദിച്ചുയര്‍ന്നു. നക്ഷത്രം പ്രത്യക്ഷമായാല്‍ 40 ദിനങ്ങള്‍ക്കകം അന്തരീക്ഷം തണുക്കുമെന്നാണ് വാനനരീക്ഷകര്‍ പറയുന്നത്.
ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സുവിശേഷ വാഹകനായാണ് സുഹൈല്‍ നക്ഷത്രത്തെ ഗണിക്കുന്നത്.
‘സുഹൈല്‍ ഉണര്‍ന്നാല്‍ രാത്രി തണുക്കും’ എന്നാണ് ഒരു അറബി പഴമൊഴി. കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ സൂചനകളാണ് ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്. ഓഗസ്റ്റ് 24 മുതല്‍ സുഹൈല്‍ ആകാശത്ത് പ്രത്യക്ഷമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടിരുന്നു. താപനില പെട്ടെന്ന് കുറയില്ലെങ്കിലും രാത്രികാല താപനില ക്രമേണ കുറയാന്‍ തുടങ്ങുമെന്നതാണ് ഇതിന്റെ ഫലം.
സുഹൈലിന്റെ വരവ് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിലേക്ക് സമാനതകളില്ലാത്ത ആശ്വാസമാണ് ഓരോ വര്‍ഷത്തിലും വര്‍ഷിക്കുന്നത്. സുഹൈല്‍ നക്ഷത്രം ആകാശത്ത് വിളങ്ങുന്നത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്.