
ഹത്ത (യുഎഇ): ഹജർ പർവതനിരകൾക്കിടയിൽ ദുബായ് ഭരണകൂടം ഒരുക്കിയ സുസ്ഥിര വെള്ളച്ചാട്ടം (Sustainable Waterfalls) സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഹത്തയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതി ഘട്ടം ഘട്ടമായി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിൻ്റെ അതേ മാതൃകയിൽ, പരിസ്ഥിതി സൗഹൃദപരമായാണ് ഇതിന്റെ നിർമ്മാണം. ഹത്ത ഡാമിന്റെ ചരിവ് ഉപയോഗിച്ചാണ് വെള്ളം താഴേക്ക് ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒഴുകി വരുന്ന വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച ശേഷം വീണ്ടും ഡാമിന്റെ മുകളിലേക്ക് പമ്പ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിസ്ഥലങ്ങൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഒരുക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകർക്ക് പ്രത്യേക നടപ്പാതകളും ഒരുക്കിയിരിക്കുന്നു. ഹത്തയിലെ പ്രകൃതി ഭംഗിക്ക് കൂടുതൽ മിഴിവ് നൽകുന്ന ഈ പദ്ധതി, മേഖലയിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
ഹത്തയിലെ പ്രാദേശിക സമൂഹത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സാമ്പത്തിക വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഹത്തയിലെ പുതിയ ആകർഷണങ്ങൾ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുമെന്നും അതുവഴി മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് സഹായകമാകുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.