തന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേയുള്ളു, അത് വെട്ടിത്തുറന്ന് പറയാൻ നട്ടെല്ലുണ്ട്: കെ സുധാകരൻ

തന്റെ കാലത്ത് സംസ്ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സണ്ണി ജോസഫ് ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരന്റെ തന്റെ കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.
2021ൽ കെപിസിസി പ്രസിഡന്റായത് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാൻ സാധിച്ചു. എന്റെ കാലത്ത് നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. കോട്ടമില്ല, അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ല് എനിക്കുണ്ട്
അങ്ങനെ പറയുന്നത് യാഥാർഥ്യബോധ്യത്തോടെയാണ്. ലോക്സഭയിൽ 18 സീറ്റ് നേടാൻ കഴിഞ്ഞതിനപ്പുറം ചരിത്രത്തിലാദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. ക്യാമ്പസുകളിൽ കെ എസ് യു തിരിച്ചുവരവ് നടത്തി. ഇതിന് കാരണം അവർക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തു എന്നതാണ്
എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ആസന്നമായ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാൻ കർമ പദ്ധതി തയ്യാറാക്കിയാണ് മുന്നോട്ടു പോകുന്നതെന്നും സുധാകരൻ പറഞ്ഞു.