എപ്പിംഗ് കുടിയേറ്റക്കാർക്കുള്ള ഹോട്ടൽ തുറന്നുപ്രവർത്തിക്കാൻ അനുമതി; ഹോം ഓഫീസ് നിയമപോരാട്ടത്തിൽ വിജയിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിലെ എപ്പിംഗിലുള്ള കുടിയേറ്റക്കാർക്കുള്ള ഹോട്ടൽ അടച്ചുപൂട്ടാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹോം ഓഫീസ് നടത്തിയ നിയമപോരാട്ടത്തിൽ വിജയം. ഹോട്ടൽ തുടർന്നും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് അപ്പീൽ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ചയാണ് എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ നൽകിയ ഹർജിയിൽ, ബെൽ ഹോട്ടൽ എന്ന കുടിയേറ്റക്കാരുടെ താമസസ്ഥലം അടച്ചുപൂട്ടാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ഇത് പ്രദേശത്ത് പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. എന്നാൽ, ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹോം ഓഫീസും ഹോട്ടലിന്റെ ഉടമസ്ഥരും അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ വിധിയിൽ നിരവധി പിഴവുകളുണ്ടെന്ന് കണ്ടെത്തിയ അപ്പീൽ കോടതി, പൊതുതാൽപര്യ വിഷയങ്ങൾ പരിഗണിക്കുന്നതിൽ കീഴ്ക്കോടതിക്ക് വീഴ്ച സംഭവിച്ചെന്നും നിരീക്ഷിച്ചു. ഹോട്ടൽ അടച്ചുപൂട്ടുന്നത് രാജ്യവ്യാപകമായി കുടിയേറ്റക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഹോം ഓഫീസിന്റെ വാദം കോടതി അംഗീകരിച്ചു.
കുടിയേറ്റക്കാരുടെ താമസം സംബന്ധിച്ച് ഒക്ടോബറിൽ നടക്കാനിരിക്കുന്ന വിചാരണയിൽ ഹോം ഓഫീസ് ഒരു കക്ഷിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ ഈ വിധി ഹോം ഓഫീസിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. അതേസമയം, ഹോട്ടൽ അടച്ചുപൂട്ടാനുള്ള നിയമപരമായ പോരാട്ടം തുടരുമെന്ന് എപ്പിംഗ് കൗൺസിൽ അറിയിച്ചു.