Kerala
കാസർകോട് പയസ്വിനി പുഴയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം ലഭിച്ചു
കാസർകോട് പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ധിഖിന്റെ മകൻ റിയാസിന്റെ(17) മൃതദേഹമാണ് ലഭിച്ചത്. യാസിൻ(13), സമദ്(13) എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്നുച്ചയോടെയാണ് അപകടം. പയസ്വിനി പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. റിയാസിനെ അഗ്നിരക്ഷാ സേന തെരച്ചിലിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങളുടെ മക്കളാണ് മൂന്ന് പേരും. അവധി ആഘോഷിക്കാനായാണ് മൂന്ന് പേരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. ബേഡകം പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.