National

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത, ആയിരം അടി ഉയരത്തില്‍ സഞ്ചാരം; രണ്ട് പേര്‍ക്കിരിക്കാവുന്ന ആകാശക്കാര്‍: ഗതാഗതക്കുരുക്കഴിക്കുമോ

ഗുണ്ടൂര്‍: ദീര്‍ഘകാലമായി നമ്മുടെ ഭാവനയില്‍ പറന്ന് നടപ്പുണ്ട് എയര്‍ ടാക്‌സികള്‍. സാങ്കേതിക വളര്‍ച്ച ഇത് സാധ്യമാക്കിയിരിക്കുകയാണ്. പക്ഷേ ഇത്തരം വാഹനങ്ങള്‍ ലോകമെങ്ങും വാണിജ്യാടിസ്ഥാനത്തില്‍ ഇപ്പോഴും പൂര്‍ണമായും യാഥാര്‍ത്ഥ്യമായിട്ടില്ല. നമ്മുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും പോലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ഇവയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ആകാശവാഹനങ്ങള്‍ ഒരു സാധാരണ കാഴ്‌ചയാക്കി മാറ്റാന്‍ അനുദിനം ഇതിന്‍റെ സാങ്കേതികതകള്‍ മെച്ചപ്പെടുത്താനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് രാജ്യങ്ങള്‍.

ഏതായാലും ഇത്തരത്തില്‍ ആകാശത്ത് പാറി പറക്കാന്‍ ആന്ധ്രയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കാറുകളൊരുങ്ങുന്നു. രണ്ട് പേര്‍ക്കിരിക്കാവുന്ന എയര്‍ ടാക്‌സികളാണ് ആദ്യഘട്ടത്തില്‍ ആന്ധ്രയില്‍ വികസിപ്പിക്കുക. പിന്നീട് മൂന്ന് പേര്‍ക്കിരിക്കാവുന്ന കാറുകളും എത്തും. നാല്‍പ്പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കാവുന്ന കാറുകളാണ് ഇവ. ആയിരം അടി ഉയരത്തിലാകും ഇവയുടെ സഞ്ചാരം. ഇവ സംസ്ഥാനത്ത് തന്നെയാണ് പൂര്‍ണമായും നിര്‍മ്മിക്കുന്നത്. മോട്ടോര്‍ മാത്രം ഇവിടെയല്ല.

ഗുണ്ടൂരില്‍ നിന്നൊരു എയര്‍ടാക്‌സി

ഗുണ്ടൂരുകാരനായ ചാവ അഭിരാം റോബോട്ടിക്‌സ് എന്‍ജിനീയറിങിലാണ് തന്‍റെ ബിരുദാനന്തര ബിരുദ പഠനം നടത്തിയത്. അമേരിക്കയിലായിരുന്നു പഠനം. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നഗരങ്ങള്‍ക്ക് ആശ്വാസമേകാന്‍ എയര്‍ ടാക്‌സികള്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനം ഇന്ത്യയില്‍ എന്ത് കൊണ്ട് സ്ഥാപിച്ച് കൂടാ എന്നൊരു ആലോചനയാണ് 2019ല്‍ മാഗ്‌നം വിങ്സ്‌ എന്ന കമ്പനിയുടെ സ്ഥാപനത്തിലേക്ക് അഭിരാമിനെ കൊണ്ടെത്തിച്ചത്. എയര്‍ ടാക്‌സി സാങ്കേതികതയെക്കുറിച്ച് ആഭ്യന്തരമായും രാജ്യാന്തരതലത്തിലും വളരെ വിശദമായി ഗവേഷണം നടത്തിയ ശേഷമായിരുന്നു ഇത്തരമൊരു നിര്‍മ്മാണ കേന്ദ്രത്തിലേക്ക് അദ്ദേഹം എത്തിയത്. ഗുണ്ടൂരിന് പുറത്ത് നല്ലച്ചെരുവിലാണ് ഈ ഉത്പാദന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അദ്ദേഹം ചെറു എയര്‍ ടാക്‌സി നിര്‍മ്മിച്ചു.

ആദ്യ വാഹനം പൈലറ്റ് രഹിതമാണ്. റിമോട്ടിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. വിജയകരമായി തന്നെ ഇത് പരീക്ഷിക്കാനായി. എന്നാല്‍ വ്യോമയാന അധികൃതര്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി വൈമാനികനില്ലാത്ത എയര്‍ ടാക്‌സിക്ക് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് രണ്ടും മൂന്നും സീറ്റുകള്‍ ഉള്ള നിയന്ത്രിക്കാന്‍ ആളുമുള്ള എയര്‍ ടാക്‌സി വികസിപ്പിച്ചത്. ഇത് നിര്‍മ്മിക്കാനുള്ള എല്ലാ വസ്‌തുക്കളും മോട്ടോര്‍ ഒഴിച്ച് എല്ലാം രാജ്യത്തിനുള്ളില്‍ തന്നെ വികസിപ്പിച്ചതാണ്.

വി2 എന്ന് പേരുള്ള ഇരട്ടസീറ്റുള്ള മോഡല്‍ വിജയകരമായി പരീക്ഷിച്ചു. തുടര്‍ന്നാണ് രണ്ടാം പതിപ്പ് വികസിപ്പിച്ചത്. മൂന്ന് സീറ്റുള്ള മോഡലായ എക്‌സ്‌4 വരും മാസങ്ങളില്‍ പരീക്ഷിച്ചേക്കും.

വി2 എയര്‍ ടാക്‌സി മോഡലുകള്‍ക്ക് നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ പറക്കാനാകും. നൂറ് കിലോമീറ്റര്‍ വരെ വേഗത ആര്‍ജ്ജിക്കാനും സാധിക്കും. ആയിരം അടി ഉയരത്തിലാകും ഇത് സഞ്ചരിക്കുക. മൂന്ന സീറ്റുള്ള എയര്‍ ടാക്‌സികള്‍ കൂടുതല്‍ ദൂരം താണ്ടാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. 20000 അടി ഉയരത്തില്‍ പരമാവധി മൂന്നുറ് കിലോമീറ്റര്‍ വേഗത്തില്‍ ഇതിന് സഞ്ചരിക്കാനാകും.

രണ്ട് കോടി രൂപയാണ് വി2 വികസനത്തിന് ചെലവ്. എക്‌സ് 4ന് എട്ട് കോടി രൂപ ചെലവുണ്ടെന്നും ചാവ അഭിറാം വെളിപ്പെടുത്തുന്നു. നിരത്തിലെ ടാക്സിക്ക് വേണ്ടി വരുന്ന ചെലവ് മാത്രം ഉള്ള വിധത്തില്‍ എയര്‍ ടാക്‌സികളെ പരിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇവ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. അവയുടെ പരിപാലന ചെലവ് കുറവാണ്. കാരണം കുറഞ്ഞ ദൂരം മാത്രമാണ് ഇതിന്‍റെ സഞ്ചാരം. അന്തരീക്ഷത്തിലൂടെയാണ് യാത്ര ഇതെല്ലാം പരിപാലനച്ചെലവ് കുറയ്ക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എയര്‍ ടാക്‌സി നയങ്ങള്‍ കരട് ഘട്ടത്തില്‍

നഗരങ്ങളിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമായാണ് ഏവരും എയര്‍ ടാക്‌സികളെ കാണുന്നത്. ഒപ്പം വേഗത്തിലും കാര്യക്ഷമവുമായ യാത്രകളും ഇത് വാഗ്‌ദാനം ചെയ്യുന്നു. രാജ്യത്ത് ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ പരീക്ഷണ ഘട്ടത്തിലാണ്. പക്ഷേ എയര്‍ ടാക്‌സി നയങ്ങളുടെ കരട് തയാറാകുന്നതേയുള്ളൂ. വ്യോമയാന ഡയറക്‌ടറേറ്റ് ഇതിനുള്ള നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും തയാറാക്കുകയാണ്. ഇവയുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനുമുള്ള വെര്‍ട്ടി പോര്‍ട്ടുകള്‍ എന്ന പ്രത്യേക കേന്ദ്രങ്ങളുടെ സ്ഥാപനമടക്കമുള്ളയ്ക്കുള്ള നയങ്ങളും രൂപീകരണ ഘട്ടത്തിലാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാല്‍ അംഗീകാര നടപടികള്‍ ആരംഭിക്കും. ഇതോടെ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാം. ഇതിനെല്ലാം കൂടി മൂന്ന് വര്‍ഷം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എയര്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങുക മാത്രമല്ല ആവശ്യക്കാര്‍ക്ക് ഇത് വില്‍ക്കാനും അഭിറാമിന്‍റെ മാഗ്‌നം വിങ്സിന് പദ്ധതിയുണ്ട്.

വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും

രാജ്യത്ത് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ വിടിഒഎല്‍ എയര്‍ക്രാഫ്റ്റ് വികസനത്തിനായി രംഗത്തുണ്ട്. ഇക്കൊല്ലം ആദ്യം ശൂന്യ എന്നൊരു പറക്കും ടാക്‌സി മാതൃക ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സരള ഏവിയേഷനും സോന സ്‌പീഡും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. 2028ഓടെ ഇതിന്‍റെ വിപണി ലോഞ്ചിനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

മറ്റ് രാജ്യങ്ങളും സമാനമായ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ(സിഇഎസ് 2024)ല്‍ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന്‍റെ അഡ്വാന്‍സ്‌ഡ് എയര്‍ മൊബിലിറ്റി കമ്പനിയും സൂപ്പര്‍നാലും തങ്ങളുടെ എസ്‌ എടു ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (ഇവിടിഒഎല്‍)വാഹന ആശയം അവതരിപ്പിച്ചിരുന്നു. പൈലറ്റടക്കം നാല് യാത്രക്കാരുള്ള വി ടെയ്‌ല്‍ എയര്‍ ക്രാഫ്റ്റ് ഡിസൈനാണ് ഇവര്‍ അവതരിപ്പിച്ചത്. നാല്‍പ്പത് മുതല്‍ 190 കിലോമീറ്റര്‍ വരെ വേഗതയുള്ള വാഹനത്തിന് 1500 അടി ഉയരത്തില്‍ പറക്കാനാകും.

Related Articles

Back to top button
error: Content is protected !!