പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കൊല്ലുമെന്ന് ഭീഷണി; കൊല്ലത്ത് രണ്ട് യുവാക്കൾ പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ച സ്‌കൂൾ വിദ്യാർഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
വിദ്യാർഥിനിയുമായി പരിചയം സ്ഥാപിച്ച ശ്രീജിത്ത് നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെയാണ് ഭീഷണിയുണ്ടായത്. മുമ്പും പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു
വീട്ടുകാരുടെ പരാതിയിൽ ശ്രീജിത്തിനെ പോലീസ് വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയച്ചതാണ്. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ടൗണിൽ വെച്ച് പെൺകുട്ടിയെ ശ്രീജിത്ത് ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി
നാട്ടുകാർ ഇടപെട്ടാണ് പ്രതിയെ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കുപ്പിയിൽ നിറച്ച പെട്രോളും കണ്ടെത്തി. പോക്‌സോ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.