ഈ ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളെ ജയിലിനകത്താക്കുമെന്ന് യുഎഇ
ദുബൈ: രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ജയിലില്‍ എത്തിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ. പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും യുഎഇ അധികാരികള്‍ താക്കീത് നല്‍കുന്നു.
മദ്യപിച്ച് വാഹനമോടിക്കുകയോ, അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച 2024ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 14-ന്റെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം, ബന്ധപ്പെട്ട ട്രാഫിക് നിയന്ത്രണ അധികാരികള്‍ക്ക് വിവിധ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടായിരിക്കും.
ഏതെല്ലാം കേസുകളിലാണ് ട്രാഫിക് അധികാരികള്‍ക്ക് ഡ്രൈവറെ കൈയോടെ അറസ്റ്റ് ചെയ്യാന്‍ അനുവാദമുള്ളതെന്ന് താഴെ വിശദീകരിക്കാം.
1. വാഹനം ഓടിക്കുന്നതിനിടെ ഒരാളുടെ മരണത്തിനോ, പരുക്കേല്‍ക്കുന്നതിനോ കാരണമാവുന്ന വിധത്തില്‍ അപകടം ഉണ്ടാക്കുക.
2. വാഹനം ഓടിക്കുന്നതിന്റെ ഫലമായി മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് ഗുരുതരമായ നാശംവരുത്തുക.
3. അശ്രദ്ധമായോ, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലോ വാഹനം ഓടിക്കുക.
4. വാഹനം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമാവുന്ന വിധത്തില്‍ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ സ്വാധീനത്തില്‍ വാഹനം ഓടിക്കുക.
5. ഇത്തരം കുറ്റകൃത്യങ്ങളിലൊന്ന് സംഭവിക്കുകയാണെങ്കില്‍, ഡ്രൈവറുടെ പേര്, വിലാസം, വ്യക്തിഗത ഡാറ്റ സൂചിപ്പിക്കുന്ന ഏതെങ്കിലും ഔദ്യോഗിക രേഖ എന്നിവ നല്‍കാന്‍ വിസമ്മതിക്കുകയോ, അല്ലെങ്കില്‍ തെറ്റായ പേരോ, വിലാസമോ നല്‍കി ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുക
.