USAWorld

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാന്‍ ഇസ്രായേൽ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്

വാഷിങ്ടണ്‍: ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. അമെരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇറാനെതിരേ ആക്രമണം നടത്താനുള്ള സാധ്യത വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ടെഹ്‌റാനുമായി ട്രംപ് ഭരണകൂടം ഒരു ധാരണയിലെത്താന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത്. ടെഹ്‌റാന്‍റെ ആണവ പദ്ധതിയെ കുറിച്ച് യുഎസും ഇറാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇസ്രായേലിന്‍റെ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അമെരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് 2025 മേയ് 20 ചൊവ്വാഴ്ച ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മാസം പകുതി മുതല്‍ ഇതുവരെയായി വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ ഒമാന്‍റെ മധ്യസ്ഥതയില്‍ നാല് റൗണ്ട് ചര്‍ച്ചകളാണു നടത്തിയത്. ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനു പകരമായി ഇറാന്‍ ആണവ പദ്ധതി പരിമിതപ്പെടുത്തണമെന്നാണ് ചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഇറാന്‍ നിലവില്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇത് 2015ലെ കരാറില്‍ നിശ്ചയിച്ചിരുന്ന 3.67% എന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി അമെരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പണ്ടു മുതലേ ആരോപിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ വാദിക്കുന്നത്.

Related Articles

Back to top button
error: Content is protected !!