
മനാമ: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിന് കാരണമായ കേസിലെ പ്രതിയായ ബഹ്റൈൻ പൗരൻ്റെ അപ്പീൽ ഹർജിയിൽ ഈ മാസം 14-ന് ഹൈ ക്രിമിനൽ അപ്പീൽ കോടതി വിധി പറയും. സാർ എന്ന സ്ഥലത്ത് വെച്ച് കുടുംബാംഗങ്ങളായ ദമ്പതികളെയും അവരുടെ മകനെയും ഇടിച്ചുകൊന്ന സംഭവത്തിലാണ് ഇയാൾക്കെതിരെ കേസ്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറ്റൊരു കേസിലും ഇതേ വ്യക്തിക്ക് എതിരെയുള്ള വിധി ഇതേ ദിവസം തന്നെ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കേസിൽ, മൂന്ന് പേരുടെ മരണത്തിന് കാരണമായതിന് നേരത്തെ ആറ് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
പ്രോസിക്യൂഷൻ്റെ വാദപ്രകാരം, പ്രതി മയക്കുമരുന്ന് ഉപയോഗിച്ച് അമിതവേഗതയിൽ വാഹനമോടിക്കുകയും എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയുമായിരുന്നു. തുടക്കത്തിൽ ഇയാൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഈ വിധി ചോദ്യം ചെയ്ത് പ്രതി നൽകിയ അപ്പീലിലാണ് കോടതി ഇനി വിധി പറയുക. മയക്കുമരുന്ന് ഉപയോഗം, അമിത വേഗത, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.