National
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നിരീക്ഷകരെ നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. കേന്ദ്ര സർക്കാരിന്റെ രണ്ട് അഡീഷണൽ സെക്രട്ടറിമാരായ സുശീൽ കുമാർ ലോഹനി, ഡി. ആനന്ദൻ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്.
സെപ്റ്റംബർ 9-നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 17-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണിത്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപപതിയെ തിരഞ്ഞെടുക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെയും പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണി സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.